Site iconSite icon Janayugom Online

വശ്യം: പൊള്ളാച്ചി-വാൽപ്പാറ‑ചാലക്കുടി പാത

172 കിലോമീറ്റർ വരുന്ന മഴക്കാടുകൾ താണ്ടി കടന്നുപോകുന്ന പൊള്ളാച്ചി-വാൽപ്പാറ- ചാലക്കുടി പാത ഇന്ത്യയിലെ തന്നെ ഏറ്റവും പ്രകൃതിരമണീയ മാർഗമാണ്. ഓരോ തവണയും വ്യത്യസ്തമായ കാഴ്ചയുടെ വർണവിസ്മയങ്ങൾ തീർക്കുന്ന പാത. മഴയിലും കോടമഞ്ഞിലും മുങ്ങിക്കിടക്കുന്ന ചുരം വശ്യമാണ്. 42 ഹെയർപിന്നുകൾ പൊള്ളാച്ചി-വാൽപ്പാറ പാതയിൽ മാത്രമുണ്ട്. ഹരിതതുരങ്കം തന്നെയാണ് വാഴച്ചാൽ മുതൽ മലക്കപ്പാറ വരെയുള്ള ഭാഗം. ചാലക്കുടി പുഴയുടെ ഓരംപിടിച്ച് ഒറ്റപ്പെട്ട ആദിവാസിക്കുടികൾ മാത്രമുള്ള നിബിഡ വനമേഖലയാണിത്. വാഴച്ചാൽ മലക്കപ്പാറ പാതയിൽ രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ മാത്രമെ വാഹനങ്ങൾ കടത്തിവിടു. ധാരാളം വന്യമൃഗങ്ങളുള്ള ഈ പാതയിൽ വളരെ ശ്രദ്ധയോടെ പതുക്കെ സഞ്ചരിക്കണം. 

വാഴച്ചാലിലും മലക്കപ്പാറയിലും ചെക്ക് പോസ്റ്റുകളുണ്ട്. സഞ്ചാരികൾക്ക് ആവശ്യമുള്ള നിർദേശങ്ങൾ ഇവിടെ നിന്ന് ലഭിക്കും. ആ നിർദേശങ്ങൾ ഉൾക്കൊണ്ട് യാത്രചെയ്താൽ ഏറ്റവും മനോഹരവും ദൈർഘ്യമുള്ളതുമായ ഒരു വനയാത്ര ആസ്വദിക്കാം.
സാധാരണക്കാരായ സഞ്ചാരികളുടെ പറുദീസയാണ് വാൽപ്പാറ. പച്ചപ്പട്ടുവിരിച്ച തേയിലത്തോട്ടങ്ങളും കോടമഞ്ഞ് ഉറങ്ങുന്ന പാറക്കൂട്ടങ്ങളും കുഞ്ഞരുവികളും വെള്ളച്ചാട്ടങ്ങളും വാൽപ്പാറയിൽ ഏതൊരു സഞ്ചാരിയുടെയും മനംകുളിർപ്പിക്കുന്ന കാഴ്ചകളാണ്. 

Exit mobile version