Site iconSite icon Janayugom Online

തൃക്കാക്കരഉപതെരഞെടുപ്പിന്‍റെ ക്രെഡിറ്റ് സ്വന്തമാക്കാന്‍ വി ഡി സതീശന്‍റെ ശ്രമം; എ ഗ്രൂപ്പിന് കടുത്ത ആശങ്ക

തൃക്കാക്കര ഉപതെരഞെ‍െടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിച്ചതോടെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ തന്നെ മാറുന്നു. എണ്ണയിട്ട യന്ത്രംപോലെ സെമികേഡറില്‍ പ്രവര്‍ത്തിച്ചിരുന്ന ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന എ ഗ്രൂപ്പിനാണ് ഇപ്പോള്‍ വി.ഡി സതീശന്‍റെ നേതൃത്വത്തില്‍ പുതിയ ഗ്രൂപ്പ് വന്നതോടെ പരുങ്ങലിലായിരിക്കുന്നത്, തന്‍റെ മിടുക്കായി തൃക്കാക്കരയിലെ വിജയം ആക്കിതീര്‍ക്കുവാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ .ലീഡര്‍ എന്ന വിളിപ്പേര് പാര്‍ട്ടിയിലെ പലര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ല. എല്ലാ ഗ്രൂപ്പ് നേതാക്കളെയും ഒന്നിപ്പിച്ച് സതീശന്‍ നേടിയ വിജയമായിട്ടാണ് തൃക്കാക്കരയിലേത് എന്നാണ് വ്യാഖ്യാനം.

എ,ഐ വിഭാഗങ്ങളിലുള്ള മുതിര്‍ന്ന നേതാക്കളില്‍ പലരും സതീശന്‍ പക്ഷത്തേക്ക് മാറാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനാല്‍ എ ഗ്രൂപ്പ് കടുത്ത ആശങ്കയിലാണ്. ഐ ഗ്രൂപ്പില്‍ നേതാവില്ലാതു കൊണ്ട് പെട്ടെന്ന് തന്നെ നേതാക്കള്‍ സതീശനൊപ്പം വരുന്നുണ്ട്. എന്നാല്‍ സതീശന്‍റെ നിലപാടിനെതിരേ ഇരു പക്ഷത്തേയും ഗ്രൂപ്പ് മാനേജര്‍മാര്‍ രംഗത്തുവന്നുകഴിഞു. തൃക്കാക്കര കോണ്‍ഗ്രസിന്‍റെ ഉറച്ച സീറ്റാണെന്നും,മുതിർന്ന നേതാക്കൾ ഒന്നിച്ച്‌ നിന്നതിന്റെ ഫലമാണ്‌ തൃക്കാക്കരയിലെ വിജയം എന്നുമാണ് ‌ ഗ്രൂപ്പുനേതാക്കൾ വിലയിരുത്തിയത്‌. എ കെ ആന്റണിയും ഉമ്മൻചാണ്ടിയും രമേശ്‌ചെന്നിത്തലയും ക്യാമ്പ്‌ ചെയ്ത്‌ പ്രവർത്തിച്ചു.

നേതാക്കളെല്ലാം ഒരേ മനസോടെയാണ് പ്രവര്‍ത്തിച്ചത്. അതിനാലാണ് വിജയം ലഭിച്ചതെന്നും അവര്‍ പറയുന്നു.ലീഡർ, ക്യാപ്റ്റൻ പ്രയോഗങ്ങളുടെ ഉറവിടങ്ങളും തിരുവനന്തപുരത്തെ സ്വീകരണവുമടക്കം സതീശന്റെ പി ആർ വർക്കുകൾ ആണെന്നും ഗ്രൂപ്പുകള്‍ അഭിപ്രായപ്പെടുന്നു.വിവിധ മാധ്യമങ്ങളെക്കൊണ്ട്‌ പ്രത്യേക വാർത്തകൾചെയ്യിച്ച്‌ തൃക്കാക്കര വി ഡി സതീശന്റെമാത്രം വിജയമാക്കിയ പി ആർ വർക്കാണ്‌ കോൺഗ്രസിൽ ചർച്ച. യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ എൻ എസ്‌ നൂസുർ പരസ്യമായിത്തന്നെ രംഗത്തുവന്നു; ഉരുക്കുകോട്ടയിൽ അപരപിതൃത്വം ഏറ്റെടുക്കാൻ ശ്രമം എന്നായിരുന്നു പോസ്‌റ്റ്‌. സതീശനെ ട്രോളി കവിതയും സാമൂഹ്യമാധ്യമത്തില്‍ നൂസുർ ഇട്ടിരുന്നുസതീശന്റെ നേതൃത്വത്തിൽ പുതിയ ഗ്രൂപ്പ്‌ നീക്കങ്ങൾ നടക്കുന്നതിന്റെ തെളിവായാണ്‌ സിദ്ദിക്കിന്റെയും ഹൈബി ഈഡന്റെയും ‘ക്യാപ്റ്റൻ ’ വിശേഷണങ്ങളെ ഐ, എ ഗ്രൂപ്പുകൾ കാണുന്നത്‌. തിരുവനന്തപുരം നഗരത്തിലെ സ്വീകരണ നാടകവും വിവാദമായി.

ഗ്രൂപ്പുനേതാക്കൾ വിവരങ്ങൾ കൃത്യമായി സതീശനെ ധരിപ്പിച്ചാണ്‌ വ്യാപകമായി ബോർഡുകൾ സ്ഥാപിച്ചതും സ്വീകരണം നൽകിയതും. പോസ്‌റ്ററിൽ സുധാകരനെ ചെറുതായി കാണിച്ചതും ഉമ തോമസിന്റെ ചിത്രം ഒഴിവാക്കിയതും വ്യാപക വിമർശത്തിന്‌ ഇടയാക്കി. ഇതോടെയാണ്‌ സതീശൻ ചുവടുമാറ്റിയത്‌. ബോർഡുകൾ നീക്കാൻ ആവശ്യപ്പെട്ടെന്ന്‌ അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു.സംഘടനാ തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ട്‌ വി ഡി സതീശൻ നടത്തുന്ന നീക്കത്തിൽ എ, ഐ ഗ്രൂപ്പുകൾ കടുത്ത അമർഷത്തിൽ. തൃക്കാക്കരയിലെ വിജയം മറയാക്കി പാർടി പിടിച്ചെടുക്കാനും മുതിർന്ന നേതാക്കളെ ഒതുക്കാനുമുള്ള തന്ത്രങ്ങളാണ്‌ സുധാകരനും സതീശനും ചേർന്ന്‌ മെനയുന്നത്‌. വിജയത്തിന്റെ ക്രഡിറ്റ്‌ സതീശന്റേത്‌ മാത്രമായി ചിത്രീകരിക്കുന്നതിനെ ചോദ്യം ചെയ്‌ത്‌ കെ മുരളീധരൻ പരസ്യപ്രതികരണത്തിന്‌ മുതിർന്നു. വരുംദിവസങ്ങളിൽ കൂടുതൽ നേതാക്കൾ രംഗത്ത്‌ വരുമെന്നാണ്‌ സൂചന. 

അതേസമയം തിരുവനന്തപുരം ഡിസിസി വി ഡി സതീശനോട്‌ കൂറ്‌ പരസ്യമാക്കി. എ ഗ്രൂപ്പുകാരനായിരുന്ന ഡിസിസി പ്രസിഡന്റ്‌ പാലോട്‌ രവി, ഐ ഗ്രൂപ്പിലായിരുന്ന വി എസ്‌ ശിവകുമാർ എന്നിവർ മുൻകൈ എടുത്താണ്‌ സതീശന്‌ തിരുവനന്തപുരത്ത്‌ സ്വീകരണം ഒരുക്കിയത്‌. നഗരത്തിന്റെ പല ഭാഗങ്ങളിലും സതീശനെ ‘ലീഡർ’ എന്ന്‌ വിശേഷിപ്പിച്ച്‌ ഫ്‌ളക്‌സ്‌ വച്ചതിന്‌ പിന്നിലും ഡിസിസി നേതൃത്വമാണ്‌. വിവിധ കോൺഗ്രസ്‌ അനുകൂല സംഘടനകളുടെ പേരിലും ബോർഡ്‌ വച്ചിരുന്നു. ഇത്‌ മുതിർന്ന നേതാക്കളെ കൂടുതൽ പ്രകോപിതരാക്കി. പാർടി സതീശന്റെ നിയന്ത്രണത്തിലാകുമെന്ന്‌ വന്നതോടെ നിലനിൽപ്പിനുള്ള പെടാപ്പാടിലാണ്‌ ഗ്രൂപ്പ്‌ ഭേദമില്ലാതെ മുതിർന്ന നേതാക്കൾ. എതിർപ്പ്‌ അവഗണിച്ച്‌ മുന്നോട്ടുപോകാനാണ്‌ സതീശന്റെ നീക്കം.ലീഡർ, ക്യാപ്റ്റൻ വിളികളിൽ വീഴില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. കേരളത്തിൽ കോൺഗ്രസിന്റെ ഒരേയൊരു ലീഡർ കെ കരുണാകരനാണ്. 

അതിന് പകരംവയ്‌ക്കാൻ താൻ ആളല്ല. നഗരത്തിൽ തന്റെ ചിത്രംവച്ചുള്ള ഫ്ളക്‌സുകൾ നീക്കംചെയ്യണം. ക്യാപ്‌റ്റൻ വിളിയും ലീഡർ വിളിയുമൊന്നും കോൺഗ്രസിനെ നന്നാക്കാൻ ലക്ഷ്യമിട്ടുള്ളതല്ലെന്നും സതീശൻ പറഞ്ഞു. ഡിസിസി നേതൃത്വത്തിൽ വിമാനത്താവളത്തിൽ നൽകിയ സ്വീകരണത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.എ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാവും യുഡിഎഫ് ജില്ലാ ചെയര്‍മാനുമായ ഡൊമിനിക പ്രസന്റേഷനെതിരെ എ വിഭാഗത്തിലെ പ്രധാന നേതാവായ കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുള്‍ മുത്തലിബ് പ്രസിഡന്റിന് പരാതി നല്‍കിയിട്ടുണ്ട്ഇതിനു പിന്നില്‍ സതീശനാണെന്നു എ ഗ്രൂപ്പ് ഉറച്ചു വിശ്വസിക്കുന്നു. ഇത് ചേരിമാറ്റത്തിനുള്ള മുന്നൊരുക്കമായിട്ടാണ് കാണുന്നത്. തൃക്കാക്കരയില്‍ ഗ്രൂപ്പുകള്‍ക്ക് യാതൊരു റോളുമുണ്ടായിരുന്നില്ല.

സതീശനും, കെസി വേണുഗോപാലും കെ സുധാകരനും ചേര്‍ന്ന ടീം ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയായിരുന്നുവെന്നാണ് ഗ്രൂപ്പ് നേതാക്കള്‍ക്കുള്ള പരാതി. ഡൊമിനിക് പ്രസന്റേഷന്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരെ പ്രതികരിച്ചത് ഇതിന്റെ ഭാഗമാണ്. എ വിഭാഗം നേതാക്കളാണ് കൂടുതല്‍ രോഷത്തിലുള്ളത്.ഇത് ഡൊമിനിക് തുറന്ന് പറയുകയായിരുന്നു. ഇതിനെ വലിയ കുറ്റമായി വ്യാഖാനിച്ച് എ ഗ്രൂപ്പ് നേതാവ് തന്നെ രംഗത്ത് വന്നത് പുതിയ തന്ത്രമായിട്ടാണ് കരുതപ്പെടുന്നത്. എ ഗ്രൂപ്പില്‍ വിള്ളലുണ്ടാക്കാനുള്ള സതീശന്‍ വിഭാഗത്തിന്റെ നീക്കമാണിതെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്.ഐ വിഭാഗത്തിലെ കെസി വേണുഗോപാല്‍ പക്ഷവും കെ സുധാകരന്‍ വിഭാഗവും സതീശന്റെ അനുയായികളുമായി ഒന്നിച്ച് പോകാമെന്ന നിലപാടിലാണ്. ഐ വിഭാഗത്തിലെ രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവര്‍ അതൃപ്തരാണ്. 

Eng­lish Sum­ma­ry: VD Satheesan’s attempt to get cred­it for Thrikkakara by-elec­tion; Seri­ous con­cern for Group A.

You may also like this video:

Exit mobile version