Site iconSite icon Janayugom Online

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആര്‍എസ്എസ് ബന്ധം; കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആര്‍എസ്എസ് ബന്ധം വെളിപ്പെടുത്തുന്ന കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്. 2006ല്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഗോള്‍വാക്കറുടെ ചിത്രത്തിന് മുന്നില്‍ നിലവിളക്ക് കൊളുത്തുന്ന വി ഡി സതീശന്റെ ചിത്രമാണ് പുറത്ത് വന്നത്. അന്ന് ഗോള്‍വള്‍ക്കര്‍ സതീശന് തൊട്ടുകൂടാത്തവനായിരുന്നില്ലെന്ന് ചിത്രം പുറത്ത് വിട്ടുകൊണ്ട് ഹിന്ദു ഐക്യ വേദി സംസ്ഥാന വക്താവ് ആര്‍ വി ബാബു ഫെയ്സ്ബുക്കില്‍ കുറിച്ചു.

രാഷ്ട്രീയ സാഹചര്യം മാറുകയും ഇസ്ലാമിക തീവ്രവാദത്തെ പിന്തുണക്കുന്നതാണ് രാഷ്ട്രീയ നേട്ടത്തിന് നല്ലതെന്ന് കരുതുകയും ചെയ്യുന്ന സതീശന്‍ ഇപ്പോള്‍ പുട്ടിന് പീര പോലെ ഇടക്കിടെ ആര്‍എസ്എസിനെ ആക്രമിക്കുകയാണെന്നും ബാബു കുറിപ്പില്‍ ആരോപിച്ചു. പറവൂരിലെ ആദ്യ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം രണ്ടാമത്തെ മത്സരത്തില്‍ തന്നെ ജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വി ഡി സതീശന്‍ ആര്‍എസ്എസ് നേതാക്കളെ രഹസ്യമായി കണ്ടെന്ന് ആര്‍ വി ബാബു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഭാരതീയ വിചാര കേന്ദ്രത്തിന്റെ പുസ്തക പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്ത അക്കാലത്തെ സതീശന്‍ ഇന്നത്തെ സതീശനായിരുന്നില്ലെന്നും തെരഞ്ഞെടുപ്പില്‍ ജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് നേതാക്കളെ രഹസ്യമായി വന്ന് കണ്ട അക്കാലത്തെ സതീശന് ആര്‍എസ്എസ് വെറുക്കപ്പെട്ട പ്രസ്ഥാനമായിരുന്നില്ലെന്നുമാണ് കഴിഞ്ഞ ദിവസം ആര്‍ വി ബാബു പറഞ്ഞത്.

Eng­lish sum­ma­ry; Oppo­si­tion leader VD Satheesan’s RSS con­nec­tion; More pic­tures out

You may also like this video;

Exit mobile version