ജി20 ഉച്ചകോടിക്ക് മുന്നോടിയായി ഇന്ത്യ പുറത്തിറക്കിയ ലഘുലേഖകളിലും പുരാണത്തിന്റെ ആധിപത്യം. 6000 ബിസി മുതലുള്ള രാജ്യത്തിന്റെ ചരിത്രം വിശദീകരിക്കുന്ന രണ്ടു ലഘുലേഖകളാണ് തയ്യാറാക്കിയത്. ‘ഭാരത്- ദി മദര്‍ ഓഫ് ഡെമോക്രസി’, ‘ഇലക്ഷൻസ് ഇൻ ഇന്ത്യ’ എന്നിങ്ങനെ പേരിട്ട രണ്ടു ലഘുലേഖകളാണ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്ന പ്രതിനിധികള്‍ക്ക് കൈമാറുക.
രാമായണം, മഹാഭാരതം എന്നിവയെപ്പറ്റിയും ഛത്രപതി ശിവജി, അക്ബര്‍ എന്നീ ഭരണാധികാരികളെ കുറിച്ചും പൊതുതെരഞ്ഞെടുപ്പിലൂടെ ഇന്ത്യയുടെ ഭരണകൈമാറ്റത്തെ കുറിച്ചും രണ്ട് ലഘുലേഖകളിലും പരാമര്‍ശിക്കുന്നുണ്ട്. ജനാധിപത്യ ധാര്‍മികത നൂറ്റാണ്ടുകളായി ഇന്ത്യൻ ജനതയുടെ ഭാഗമാണെന്നാണ് ലഘുലേഖകളുടെ ഉള്ളടക്കം. ലഘുലേഖകളുടെ ഇ‑പതിപ്പ് ജി20 ഉച്ചകോടിയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
26 പേജുകളുള്ള ഭാരത്- ദി മദര്‍ ഓഫ് ഡെമോക്രസി എന്ന ലഘുലേഖയില്‍ ഋഗ്വേദത്തില്‍ നിന്നുള്ള ശ്ലോകങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാമായണത്തിലെയും മഹാഭാരതത്തിലേയും ജനാധിപത്യ തത്ത്വങ്ങളെ പറ്റിയും ലഘുലേഖ വിശദീകരിക്കുന്നു.
മന്ത്രിമാരുടേയും ഉപദേഷ്ടാക്കളുടെയും അനുമതിയോടെ അവരുടെ അഭിപ്രായങ്ങള്‍ മുൻനിര്‍ത്തിയാണ് ശ്രീരാമനെ പിതാവായ ദശരഥൻ രാജാവായി തിരഞ്ഞെടുത്തത് എന്നാണ് ലഘുലേഖയിലെ അവകാശവാദം. കൂടാതെ മഹാഭാരതത്തില്‍ മരണശയ്യയിലായ ഭീഷ്മര്‍ യുധിഷ്ഠിരന് സദ്ഭരണത്തിന്റെ ധര്‍മ്മസിദ്ധാന്തങ്ങള്‍ പറഞ്ഞു കൊടുത്തതായും ലഘുലേഖയില്‍ പരാമര്‍ശിക്കുന്നു. ബുദ്ധമതത്തെ കുറിച്ചും അത് രാജ്യത്തിന്റെ ജനാധിപത്യ ധാര്‍മികത വളര്‍ത്തുന്നതില്‍ വഹിച്ച പങ്കിനെ കുറിച്ചും വിശദീകരിക്കുന്നുണ്ട്. അശോകൻ, ചന്ദ്രഗുപ്ത മൗര്യൻ, കൃഷ്ണദേവരായര്‍, ഛത്രപതി ശിവജി എന്നിവരുള്‍പ്പെടെ നിരവധി രാജാക്കന്മാരുടെ ഭരണകാലം, അര്‍ത്ഥശാസ്ത്രവും അതിന്റെ പ്രയോഗങ്ങളും തുടങ്ങിയവയും ലഘുലേഖ ചര്‍ച്ച ചെയ്യുന്നു.
15 പേജുകളടങ്ങുന്ന രണ്ടാം ലഘുലേഖയില്‍ പ്രധാനമായും കൈകാര്യം ചെയ്യുന്നത് 1951 മുതല്‍ 2019 വരെയുള്ള ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളുടെ ചരിത്രമാണ്. ശിവജിയുടെ ജനാധിപത്യ പാരമ്പര്യത്തെ കുറിച്ചും ശിവജിയുടെ ഭരണകാലത്ത് ജനങ്ങള്‍ക്ക് തുല്യനീതി ഉറപ്പാക്കിയതായും പരാമര്‍ശമുണ്ട്. കാലത്തിനതീതമായി ജനാധിപത്യ മൂല്യങ്ങളുള്ള ഭരണാധികാരിയായി അക്ബറിനെയും വിശേഷിപ്പിച്ചിരിക്കുന്നു.
English Summary: Vedas and Mahabharata in G20 pamphlet
You may also like this video