Site iconSite icon Janayugom Online

വേദ വിദ്യാർത്ഥികൾക്കും ഇനി എൻജിനീയറാകാം

പരമ്പരാഗത രീതിയിൽ വേദപഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് എൻജിനീയറിംഗ് കോഴ്‌സുകളിൽ പ്രവേശനം നൽകാൻ അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എഐസിടിഇ) തീരുമാനിച്ചു. വേദ വിദ്യാഭ്യാസ ബോർഡുകളിൽ നിന്നുള്ള പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് സർട്ടിഫിക്കറ്റുകളെ മറ്റ് അംഗീകൃത സ്കൂൾ ബോർഡുകളിലെ സർട്ടിഫിക്കറ്റുകൾക്ക് തുല്യമായി പരിഗണിക്കണമെന്ന് എഐസിടിഇ രാജ്യത്തെ എല്ലാ സാങ്കേതിക സർവകലാശാലകൾക്കും കോളജുകൾക്കും നിര്‍ദേശം നൽകി.
ഉജ്ജയിൻ ആസ്ഥാനമായുള്ള ‘മഹർഷി സാന്ദീപനി രാഷ്ട്രീയ വേദ സംസ്‌കൃത ശിക്ഷാ ബോർഡ്’ നൽകുന്ന ‘വേദഭൂഷൺ’ പത്താം ക്ലാസിനും ‘വേദവിഭൂഷൺ’ പന്ത്രണ്ടാം ക്ലാസിനും തുല്യമായിരിക്കും. പന്ത്രണ്ടാം ക്ലാസിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ പഠിച്ചിരിക്കണമെന്ന അടിസ്ഥാന യോഗ്യതാ മാനദണ്ഡം പാലിക്കുന്ന വിദ്യാർത്ഥികൾക്ക് ബിടെക് പ്രവേശനത്തിന് അപേക്ഷിക്കാം. നിലവിൽ വേദ പാഠശാലകളിൽ വേദങ്ങൾക്കൊപ്പം ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം, കമ്പ്യൂട്ടർ തുടങ്ങിയ വിഷയങ്ങളും ഭാഗികമായി പഠിപ്പിക്കുന്നുണ്ട്.
വിദ്യാഭ്യാസ മന്ത്രാലയം ഈ ബോർഡിനെ റെഗുലർ സ്കൂൾ ബോർഡായി അംഗീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിന് മാത്രമല്ല, കേന്ദ്ര‑സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലെ ജോലിക്കും ഈ സർട്ടിഫിക്കറ്റുകൾ സ്വീകാര്യമായിരിക്കും. ഏകദേശം 9,000‑ത്തോളം സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളോടാണ് പരീക്ഷകളിൽ വിജയിക്കുന്ന ഇത്തരം വിദ്യാർത്ഥികളെ മറ്റ് വിദ്യാർത്ഥികൾക്ക് തുല്യമായി പരിഗണിക്കാൻ നിര്‍ദേശിച്ചിരിക്കുന്നത്.
അതേസമയം, എഐസിടിഇയുടെ ഈ നീക്കത്തിനെതിരെ ഒരു വിഭാഗം വിദ്യാഭ്യാസ വിദഗ്ധർ രംഗത്തെത്തിയിട്ടുണ്ട്. ശാസ്ത്ര വിഷയങ്ങളിൽ ആഴത്തിലുള്ള അറിവില്ലാത്തവർ എൻജിനീയറിംഗ് കോഴ്‌സുകളുടെ കഠിനമായ സിലബസിനെ എങ്ങനെ നേരിടുമെന്ന് ഇവർ ചോദ്യം ചെയ്യുന്നു. വേദ വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവർക്ക് സയൻസ് വിഷയങ്ങളിലെ ആശയപരമായ ധാരണ കുറവായിരിക്കുമെന്നും ഇത് എൻജിനീയറിംഗ് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നും ഉത്തരാഖണ്ഡ് ടെക്നിക്കൽ യൂണിവേഴ്സിറ്റി മുൻ വിസി പ്രൊഫസർ ഓങ്കാർ സിങ് പറഞ്ഞു. രാജ്യത്തെ എൻജിനീയറിംഗ് കോളജുകളിൽ 30 മുതൽ 40 % വരെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഈ സീറ്റുകൾ നികത്താനുള്ള കുറുക്കുവഴിയാണോ ഇത്തരം തീരുമാനങ്ങൾ എന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

Exit mobile version