അഷ്ടമുടി കായലിനെയും ആയിരക്കണക്കിന് കാണികളെയും സാക്ഷിയാക്കി പ്രസിഡന്റ്സ് ട്രോഫി സ്വന്തമാക്കി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടൻ. സിബിഎൽ നാലാം സീസണിലെ കിരീടം കരസ്ഥമാക്കിയത് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ ചുണ്ടൻ. 10 ‑മത് പ്രസിഡന്റ്സ് ട്രോഫി ജലോത്സവവും ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) നാലാം എഡിഷന്റെ ഫൈനലും കൊല്ലത്ത് അഷ്ടമുടിക്കായലിൽ അരങ്ങേറി. ആറ് മത്സരങ്ങളിൽ നിന്നായി 58 പോയിന്റുകൾ കരസ്ഥമാക്കിയാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ ചുണ്ടൻ സിബിഎൽ ചാമ്പ്യന്മാരായത്. 57 പോയിന്റുമായി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടൻ സിബിഎൽ മത്സരങ്ങളിൽ രണ്ടാം സ്ഥാനവും 48 പോയിന്റുകളുമായി നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടൻ മൂന്നാം സ്ഥാനത്തെത്തി.
ഫൈനൽ മത്സരത്തിൽ മൂന്ന് മിനിറ്റ് 53 സെക്കൻഡ് 85 മൈക്രോ സെക്കൻഡിൽ ലക്ഷ്യസ്ഥാനത്തെത്തി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടൻ പ്രസിഡന്റ്സ് ട്രോഫി ഉറപ്പിച്ചപ്പോൾ മൂന്ന് മിനിറ്റ് 55 സെക്കൻഡ് 14 മൈക്രോ സെക്കൻഡിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ ചുണ്ടനും മൂന്ന് മിനിറ്റ് 55 സെക്കൻഡ് 62 മൈക്രോ സെക്കൻഡിൽ നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടനും യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.
മത്സരങ്ങളുടെ ഭാഗമായി വനിതകളുടെ മൂന്ന് വള്ളങ്ങൾ അടക്കം 10 ചെറുവള്ളങ്ങളുടെ മത്സരവും നടന്നു. അതിൽ ഇരുട്ടുകുത്തി ബി വിഭാഗത്തിൽ ഡാനിയേൽ, ഇരുട്ടുകുത്തി എ വിഭാഗത്തിൽ പി ജി കർണൻ കരുത്ത് തെളിയിച്ചപ്പോൾ വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ ആശാ പുളിക്കിക്കളവും തെക്കനോടി വനിതകളുടെ മത്സരത്തിൽ ദേവസും ജേതാക്കളായി.
സിബിഎൽ ജേതാക്കൾക്ക് 25 ലക്ഷമാണ് സമ്മാനത്തുക. രണ്ടാം സ്ഥാനത്തിന് 15 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് 10 ലക്ഷം രൂപയും ലഭിക്കും.
എൻകെ പ്രേമചന്ദ്രൻ എംപി ജലോത്സവം ഉദ്ഘാടനം ചെയ്തു. സിബിഎൽ ഫൈനൽ, പ്രസിഡന്റ്സ് ട്രോഫി മത്സരങ്ങൾ നടക്കുമ്പോൾ ടൂറിസം ഭൂപടത്തിൽ കൊല്ലത്തിനും അഷ്ടമുടി കായലിനും പ്രത്യേക സ്ഥാനമാണ് വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിവിധ വകുപ്പുകളുടെയും ജനങ്ങളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഇത്തരത്തിൽ ഒരു മത്സരം വിജയകരമായി ഒരുക്കാൻ സാധിച്ചതെന്നും എംപി കൂട്ടിച്ചേർത്തു.
മേയർ പ്രസന്നാ ഏണസ്റ്റ് പതാക ഉയർത്തി മത്സരങ്ങൾക്ക് ഔദ്യോഗികമായി തുടക്കംകുറിച്ചു. എം മുകേഷ് എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപാൻ മാസ് ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്തു. എം നൗഷാദ് എംഎൽഎ, ജില്ലാ കളക്ടർ എൻ ദേവിദാസ്, ടൂറിസം ഡയറക്ടർ ശിഖാ സുരേന്ദ്രൻ, സബ് കളക്ടർ നിഷാന്ത് സിൻഹാര, സിറ്റി പോലീസ് കമ്മീഷണർ ചൈത്ര തെരേസ ജോൺ, എഡിഎം ജി നിർമൽകുമാർ, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എക്സ് ഏണസ്റ്റ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സംഘാടക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.