മുനിസിപ്പൽ ഓഫീസ് വാർഡിനെ സമ്പൂർണ്ണ ജൈവകൃഷി വാർഡാക്കി മാറ്റുക എന്ന ലക്ഷ്യം മുൻ നിർത്തി, വാർഡ് നിവാസികൾക്ക് ജൈവ മിശ്രിതം നിറച്ച ഗ്രോബാഗുകളും പച്ചക്കറി തൈകളും വിതരണം ചെയ്തു. ജവഹർ ബാലഭവൻ അങ്കണത്തിൽ നടന്ന ചടങ്ങ് ജില്ലാ കലക്ടർ ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു തോമസ് കളരിക്കൽ അധ്യക്ഷത വഹിച്ചു.
ജൈവകൃഷി പ്രചാരകനും, വനമിത്രാ പുരസ്ക്കാര ജേതാവുമായ എ ഫിറോസ് അഹമ്മദ് പദ്ധതിയെക്കുറിച്ചും കൃഷി രീതിയെക്കുറിച്ചും ക്ലാസ് നയിച്ചു. വാർഡ് കൗൺസിലർ എ എസ് കവിത സ്വാഗതവും എഡിഎസ് ചെയർപെഴ്സൺ സീനത്ത് നന്ദിയും പറഞ്ഞു. വാർഡിലെ എല്ലാ വീടുകളിലും ജൈവ കൃഷിയ്ക്ക് തുടക്കം കുറിക്കുന്നതോടൊപ്പം വിഷമയ പച്ചക്കറികൾക്ക് വിട പറയിപ്പിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് സമ്പൂർണ്ണ ജൈവ പച്ചക്കറി വാർഡിന് തുടക്കം കുറിച്ചിരിക്കുന്നത്. ചടങ്ങിന്റെ ഭാഗമായി ഏത്തവാഴ തൈകളും, ചേന, ചേമ്പ്, കാച്ചിൽ, ഇഞ്ചി, മഞ്ഞളടക്കം ഇടവിള കൃഷിക്കായുള്ള വിത്തുകളും വിതരണം ചെയ്തു.