പശുവിനെ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്നിന് അലഹാബാദ് ഹൈക്കോടതി ജസ്റ്റിസ് ഷേകർ കുമാർ യാദവ് നടത്തിയ പ്രസ്താവനയിൽ പശുക്കളുടെ സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ പാർലമെന്റിൽ ബിൽ അവതരിപ്പിക്കണമെന്നും പശുക്കളുടെ സംരക്ഷണം ഹിന്ദുക്കളുടെ മൗലികാവകാശമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പശുക്കളുടെ സംരക്ഷണവും ഹിന്ദുക്കളുടെ സസ്യഭോജന സിദ്ധാന്തവും (വെജിറ്റേറിയനിസം) ശക്തമായൊരു രാഷ്ട്രീയ അന്തരീക്ഷത്തിനും ദളിത്, ആദിവാസി, ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെയുള്ള അക്രമങ്ങളുടെ വർധനക്കും പ്രേരണയാകുമ്പോൾ ചില ചോദ്യങ്ങൾ ഉയർന്നു വരുന്നുണ്ട്. ഹിന്ദുക്കളുടെ വെജിറ്റേറിയനിസം വാസ്തവത്തിൽ വെഗനിസത്തിലെന്നപോലെ മറ്റ് ജീവജാലങ്ങളുടെ സംരക്ഷണത്തെ കരുതിയുള്ളതാണോ? വെഗനിസമെന്നത് മറ്റ് ജീവികൾക്കുമേലുള്ള മനുഷ്യന്റെ ചൂഷണത്തിൽ നിന്നും അവയെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തിലൂന്നിയതാണ്. ഇത് ഇന്ത്യയിലെ ഹിന്ദുക്കളുടെ വെജിറ്റേറിയനിസത്തിന്റെ വിപുലീകരണമാണോ? സ്പീഷിസത്തിനെതിരെ സാമൂഹ്യ നീതി ഉറപ്പാക്കുന്നൊരു നീക്കമായിരുന്നു വെഗനിസം, അത് പലപ്പോഴും ഇന്ത്യയിലെ ഹിന്ദുക്കളുടെ വെജിറ്റേറിയനിസവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഭക്ഷണത്തിനോ വസ്ത്രത്തിനോ വിനോദത്തിനോ മറ്റെന്തെങ്കിലും ഉദ്ദേശ്യത്തിനോ വേണ്ടി മനുഷ്യേതര മൃഗങ്ങളെ ചൂഷണം ചെയ്യുന്നതും അടിച്ചമർത്തുന്നതും സസ്യാഹാരം, പ്രായോഗികമായി സാധ്യമാകുന്നിടത്തോളം ഒഴിവാക്കണമെന്നാണ് വെഗനിസം പറയുന്നത്. മറുവശത്ത്, വെജിറ്റേറിയനിസം എന്നത് മതപരമായ വിശ്വാസങ്ങളും ആരോഗ്യപ്രശ്നങ്ങളും പോലുള്ള വ്യത്യസ്ത കാരണങ്ങളാൽ മാംസാഹാരം ഒഴിവാക്കുന്ന ഒരു ഭക്ഷണക്രമം മാത്രമാണ്. മൃഗങ്ങളെ കൊല്ലുന്നതിൽ പങ്കാളികളാകാതിരിക്കാനും ചിലർ സസ്യാഹാരികളായി മാറുന്നു. ഹിന്ദു വെജിറ്റേറിയനിസം മതപരമായ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട സസ്യാഹാരരീതിയാണ്. ഹൈന്ദവ സസ്യാഹാരം അടിസ്ഥാനപരമായി വലിയതോതിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന വംശീയ, ജാതിമത വിശ്വാസങ്ങളിൽ കെട്ടിപ്പടുത്തതാണ്. മാംസവും ഗോമാംസവും ഭക്ഷിക്കുന്ന ജാതികളേക്കാൾ ജാതി മേൽക്കോയ്മ പ്രകടമാക്കുന്ന വ്യവസ്ഥയാണിത്. മൃഗങ്ങളോടുള്ള ദയയാലോ അവക്കെതിരെ നടക്കുന്ന ക്രൂരതയെ പ്രതിരോധിക്കാനോ അല്ല ഹിന്ദു വെജിറ്റേറിയനിസം നയിക്കുന്നത്. ബ്രാഹ്മണമതവും ബുദ്ധമതവും തമ്മിലുള്ള പോരാട്ടത്തിന്റെ അനന്തരഫലമായാണ് ഹിന്ദു വെജിറ്റേറിയനിസം ഉയർന്നുവന്നത്, ഡോ. ബി ആർ അംബേദ്കർ തന്റെ പുസ്തകമായ ‘ദ അൺടച്ചബിൾസ്: ഹൂ വേർ ദേ, ആന്റ് വൈ ദേ ബികേം അൺടച്ചബിൾ’ എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. എല്ലാ ജീവികളോടും അഹിംസയുടെ പ്രബോധനവും പ്രയോഗവും കാരണം ബുദ്ധമതം ഇന്ത്യയിൽ പ്രചാരം നേടാൻ തുടങ്ങിയ സമയത്താണ് ഇത് സംഭവിച്ചതെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ആധിപത്യത്തിനായുള്ള ഈ സംഘട്ടനത്തിന് മുമ്പ്, ബ്രാഹ്മണമതം മൃഗബലികളും നരബലികളും ആചാരത്തിന്റെ ഭാഗമായി വ്യാപകമായി ഉൾപ്പെടുത്തിയിരുന്നതായി വേദചരിത്രം വ്യക്തമാക്കുന്നു. അന്നത്തെ ബ്രാഹ്മണ ഹൈന്ദവ പാരമ്പര്യങ്ങൾക്ക് പശുബലിയുടെ പ്രാധാന്യം എത്രത്തോളമായിരുന്നെന്ന് മാത്രമല്ല, ഹിന്ദുക്കൾ ബീഫ് ഇഷ്ടപ്പെട്ടിരുന്നതായി ചിത്രീകരിക്കുന്ന വൈദിക ഹിന്ദു ഗ്രന്ഥങ്ങളെയും ഡോ. അംബേദ്കർ ഉയർത്തിക്കാണിക്കുകയാണ്. ഉദാഹരണത്തിന്, ഹിന്ദുക്കളുടെ മതഗ്രന്ഥമായ ‘കാളിപുരാണം’ മൃഗങ്ങളെയും മനുഷ്യരെയും ബലിയർപ്പിക്കുന്നതിനുള്ള നിയമങ്ങളും പെരുമാറ്റങ്ങളും നടപടിക്രമങ്ങളും വിശദമായി പരാമർശിക്കുന്നു. കൂടാതെ, മാംസാഹാരം ഹിന്ദുക്കൾക്കിടയിൽ വ്യാപകമായിരുന്നു. ബ്രാഹ്മണർ സസ്യാഹാരം സ്വീകരിച്ചതിനുശേഷം, മൃഗങ്ങളുടെ, പ്രത്യേകിച്ച് പശുവിന്റെ മാംസം തുടർച്ചയായി ഭക്ഷിച്ചതിന്റെ പേരിൽ ദളിതരെ ബ്രാഹ്മണരും മറ്റ് ‘ഉന്നതജാതികളും’ ‘അശുദ്ധരെന്നു മുദ്രകുത്തി അവഹേളിച്ചു.
ഇതുകൂടി വായിക്കാം; മനുഷ്യാവകാശങ്ങളുടെ ഭൂതം, വര്‍ത്തമാനം, ഭാവി
സാമൂഹിക ബഹിഷ്കരണം മൂലം ദരിദ്രരായി ജീവിക്കുന്ന ദളിതർക്ക് ഭക്ഷണത്തിനായി മറ്റ് മാർഗങ്ങളില്ലാത്തതിനാൽ മൃഗങ്ങളുടെ ശവശരീരങ്ങൾ മാത്രമേ ലഭ്യമായിരുന്നുള്ളൂ. ബുദ്ധമതത്തെ തകർക്കാനായി ബ്രാഹ്മണർ പശുവിനെ ‘വിശുദ്ധ’ മൃഗമായും മാതാവായും ഉയർത്തിക്കാണിച്ചു. ഇന്നും പല ജാതിയിലുള്ള ഹിന്ദുക്കളും മൃഗങ്ങളുടെ മാംസം കഴിക്കുന്നുണ്ട്, എന്നാൽ ഒരു തരത്തിലും ദളിതരെ പോലെ ‘അശുദ്ധരായി’ പരിഗണിക്കപ്പെടുന്നില്ല. അംബേദ്കറുടെ അഭിപ്രായത്തിൽ, പശുവുമായുള്ള ഹിന്ദുമതത്തിന്റെ ബന്ധത്തിലെ ചരിത്രവുമായി തൊട്ടുകൂടായ്മ ബന്ധപ്പെട്ടിരിക്കുന്നു. ഹിന്ദു വെജിറ്റേറിയനിസത്തെ സാമൂഹിക- രാഷ്ട്രീയമായി അവതരിപ്പിക്കുന്നത് മൃഗങ്ങളെ ഉപദ്രവിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്ന, അനുകമ്പയുള്ള ആളുകളായി അതിന്റെ അനുയായികളെ കണക്കാക്കുന്ന ദയയുള്ള ഒരു ജീവിതരീതിയായാണ്. സ്പീഷിസ്റ്റ്- ജാതി വിശ്വാസങ്ങളിൽ വേരൂന്നിയ, ഹിന്ദു വെജിറ്റേറിയനിസം മൃഗങ്ങളുടെ മാംസം ഭക്ഷിക്കാത്തതിനെക്കുറിച്ചു മാത്രമേ ചിന്തിക്കുന്നുള്ളൂ, മൃഗങ്ങൾക്ക് ഉപദ്രവമാകുന്ന മറ്റ് കാര്യങ്ങളൊന്നും പരിഗണിക്കുന്നില്ല. മൃഗമാംസം ഭക്ഷിക്കുന്ന ജാതികളേക്കാൾ ഒരാളുടെ ജാതി ശ്രേഷ്ഠതയും ‘ശുദ്ധി‘യും നിലനിർത്തുന്നതിനാണ് ഇത് അടിസ്ഥാനപരമായി പ്രേരണയാകുന്നത്. ഹിന്ദുക്കളിന്ന് പശുക്കളോട് ബഹുമാനമുള്ളവരും അവയെ ഉപദ്രവിക്കാത്തവരുമായി മാറിയിരിക്കുന്നു. എന്നിരുന്നാലും പശുവിനോടുള്ള അവരുടെ ബഹുമാനം വഞ്ചനാപരമാണ്, അത് പശുവിൽ നിന്നും ലഭിക്കുന്ന ഉല്പന്നങ്ങൾ കഴിക്കുന്നതിന് സാംസ്കാരിക നിയമസാധുത നൽകുന്നൊരു നീക്കമാണ്. ഹിന്ദു ആചാരങ്ങളിൽ പശുവിൻ പാലും ഉപോല്പന്നങ്ങളും വ്യാപകമായി ഉപയോഗിക്കുന്നതിനാൽ പശുക്കളെ അവയുടെ പാലിനായി ചൂഷണം ചെയ്യുന്നു. പശുക്കളോടുള്ള ഹിന്ദുക്കളുടെ താല്പര്യത്തിന് ആ മൃഗത്തോട് യഥാർത്ഥ്യത്തിലൊരു മതിപ്പുമില്ലെന്ന് ഇത് വ്യക്തമായി സൂചിപ്പിക്കുന്നു. കൂടാതെ, പശുക്കൾ അവയുടെ പാലിനായി മാത്രമല്ല, ഹിന്ദുക്കൾ പവിത്രമായി കരുതുന്ന ഗോമൂത്രത്തിനും ചാണകത്തിനും വേണ്ടിയും ചൂഷണം ചെയ്യപ്പെടുന്നു. ഈ സംസ്കാരം പശു മാംസ ഉപഭോഗത്തോടുള്ള അവഹേളനം പ്രകടിപ്പിക്കുന്നുവെങ്കിലും പശുക്കളുടെ പാൽ, വിസർജനം, ചർമ്മം, എല്ലുകൾ എന്നിവയ്ക്കായി ചൂഷണം ചെയ്യപ്പെടുമ്പോൾ നിശബ്ദത പാലിക്കുന്നുവെന്ന് മാത്രമല്ല, പശുക്കളുടെ ചരക്കുകളെയും ചൂഷണത്തെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മറ്റ് മൃഗങ്ങളേക്കാൾ പശുവിനെ ഉയർത്തിക്കൊണ്ടുവരുന്ന ഈ വഞ്ചനാപരമായ സമീപനം ഹിന്ദുമതത്തിലെ അവയുടെ ‘വിശുദ്ധ’ സ്ഥാനത്തിന് വിരുദ്ധമാണ്. മാത്രമല്ല, പശു സംരക്ഷണവും ഹിന്ദുത്വ ഘടകങ്ങളുടെ പശു സംരക്ഷണവും പ്രത്യക്ഷത്തിൽ വികൃതമാണ്, അതവരുടെ ഹിന്ദു സ്വത്വം ചൂഷണം ചെയ്ത് മറ്റ് രാജ്യങ്ങളിലേക്ക് പശുക്കളെ കടത്തുന്നതിനോ ബീഫ് കഴിക്കുകയോ പശുക്കളെ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുകയോ ചെയ്യുന്ന ആളുകളുടെ — പലപ്പോഴും ദളിതരുടെയും മുസ്‌ലീങ്ങളുടെയും ജീവൻ അപകടത്തിലാക്കുന്നതിനോ ലക്ഷ്യംവച്ചുള്ളതാണ്. ഹിന്ദു വെജിറ്റേറിയനിസം അതിന്റെ അടിത്തറയും നിലവിലുള്ള യാഥാർത്ഥ്യവും കണക്കിലെടുത്താൽ പശുവിനോടും മറ്റ് മൃഗങ്ങളോടും അഹിംസ കാണിക്കുന്നില്ല. അതുകൊണ്ടാണ് അതിനെ വെഗനിസവുമായി ഏകീകരിക്കുന്നത് — ഒരു തത്വശാസ്ത്രവും സാധ്യമായതും പ്രായോഗികവുമായ എല്ലാ വിധത്തിലും മൃഗങ്ങൾക്ക് ഉപദ്രവം കുറയ്ക്കാൻ ശ്രമിക്കുന്ന പ്രസ്ഥാനം — മൃഗങ്ങളുടെ അവകാശങ്ങൾക്കും മനുഷ്യ ചൂഷണത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനും പൊതുവെ സാമൂഹിക നീതിക്കും ഹാനികരമാണ്. അത്തരമൊരു സംയോജനം മൃഗങ്ങളുടെ അവകാശങ്ങളെ നേരിട്ട് ഉപദ്രവിക്കുകയും പൈശാചികമാക്കുകയും ചെയ്യുന്നു. വർഗീയ‑ജാതി വേരുകളും രാഷ്ട്രീയമായി ആധിപത്യവും ചൂഷണ സ്വഭാവവും ഉള്ളതിനാൽ, ഹിന്ദു വെജിറ്റേറിയനിസത്തെ അടിച്ചമർത്തുന്നൊരു ശക്തിയായി അപലപിക്കേണ്ടതുണ്ട്. എന്നാൽ ഹിന്ദു വെജിറ്റേറിയനിസത്തെയും വെഗനിസത്തെയും കൂട്ടിയിണക്കുന്നത് സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലെ ഒരു പിന്തിരിപ്പൻ ചുവടുവയ്പ്പാണ്, രണ്ടാമത്തേത് മൃഗങ്ങളുടെ പാർശ്വവൽക്കരണത്തിന് നീതി ലഭ്യമാക്കാൻ അതിലേക്ക് ശ്രദ്ധക്ഷണിക്കുന്ന സാമൂഹ്യ നീതി ഉറപ്പാക്കുന്ന നീക്കമാണ്.