Site iconSite icon Janayugom Online

വാഹനപരിശോധ: ലഹരിവസ്തുക്കള്‍ക്ക് പകരം കിട്ടിയത് 50 ലക്ഷം രൂപ

ലഹരിവസ്തുക്കൾ പിടികൂടാൻ വാഹനപരിശോധന നടത്തിയ എക്സൈസിന് കിട്ടിയത് 50 ലക്ഷം രൂപ. ബൈക്കിലെത്തിയ രണ്ടുപേർ ജാക്കറ്റിനുള്ളിൽ ഒളിപ്പിച്ച് രേഖകളില്ലാതെ കടത്തിയ 500 രൂപയുടെ നോട്ടുകെട്ടുകളാണ് കുഴൽമന്ദം റേഞ്ച് എക്സൈസ് പിടിച്ചെടുത്തത്. പാലക്കാട് എലപ്പുള്ളി സ്വദേശി ജഗദീശൻ (42), മഹാരാഷ്ട്ര സ്വദേശി ശുഭം ഹനുമന്ത് (25) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം തേങ്കുറുശ്ശി വെമ്പല്ലൂർ പാലത്തിന് സമീപമായിരുന്നു സംഭവം. 

കോയമ്പത്തൂരിൽ സ്വർണപ്പണിക്കാരനാണ് ജഗദീശൻ. ഇയാൾ ജോലിചെയ്യുന്ന സ്ഥാപനത്തിൽ സഹായിയാണ് ശുഭം ഹനുമന്ത്. കോയമ്പത്തൂരിൽനിന്ന് തൃശ്ശൂരിലേക്ക് സ്വർണ ഇടപാടിനായി കൊണ്ടുപോയ പണമാണ് ഇതെന്നാണ് പിടിയിലായവർ പറഞ്ഞത്. ബൈക്കിൽ ഒരേപോലെ ജാക്കറ്റ് ധരിച്ച് രണ്ടുപേർ വന്നതാണ് സംശയത്തിനിടയാക്കിയത്. ഊരി പരിശോധിച്ചപ്പോൾ ഉള്ളിലെ അറകളിൽ നോട്ടുകെട്ടുകൾ കണ്ടെത്തുകയായിരുന്നു. 

കുഴൽമന്ദം എക്സൈസ് റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ പി കെ. ഷിബു, പ്രിവന്റീവ് ഓഫീസർമാരായ ഷെയ്ഖ് ദാവൂദ്, ആർ പ്രദീപ്, കെ ഭവദാസൻ, സിവിൽ എക്സൈസ് ഡ്രൈവർ കെ കൃഷ്ണകുമാരൻ എന്നിവരാണ് പണം പിടികൂടിയത്. കണക്കിൽപ്പെടാത്ത പണം സംബന്ധിച്ച കേസായതിനാൽ ആദായനികുതിവകുപ്പിന് കൈമാറി. 

Vehi­cle inspec­tion: Rs. 50 lakh found in lieu of narcotics

Exit mobile version