Site iconSite icon Janayugom Online

ന്യു ഓര്‍ലിയന്‍സിലെ പുതുവർഷ ആഘോഷത്തിനിടെ ജനക്കൂട്ടത്തിലേക്ക് വാഹനം പാഞ്ഞുകയറി; 10 മരണം

യുഎസിലെ ന്യു ഓര്‍ലിയന്‍സില്‍ ജനക്കൂട്ടത്തിലേക്ക് വാഹനം പാഞ്ഞുകയറി പത്ത് മരണം. 30 പേര്‍ക്ക് പരിക്കേറ്റു. പുതുവത്സര ആഘോഷങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി അറിയപ്പെടുന്ന ബർബൺ സ്ട്രീറ്റിലാണ് സംഭവം. നഗരത്തിന്റെ ഫ്രഞ്ച് ക്വാർട്ടറിന്റെ ഭാഗമാണ് ഈ പ്രദേശം. അമിത വേഗതയിലെത്തിയ ട്രക്കില്‍ നിന്ന് പുറത്തുചാടിയ ഡ്രെെവര്‍ പൊലീസിനു നേരെ വെടിയുതിര്‍ത്തു. രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതി സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവസ്ഥലത്തു നിന്ന് സ്ഫോടകവസ്തു കണ്ടെത്തിയതായി എഫ്ബിഐ അറിയിച്ചു. 

ന്യൂ ഓർലിയൻസ് മേയർ ലാറ്റോയ കാന്ററെല്‍ സംഭവത്തെ ഭീകരാക്രമണമെന്നാണ് വിശേഷിപ്പിച്ചത്. പരിക്കേറ്റവരിൽ ഭൂരിഭാഗവും സ്വദേശികളാണെന്നും വിനോദസഞ്ചാരികളല്ലെന്നും മേയര്‍ വ്യക്തമാക്കി. ആസൂത്രിമായ ആക്രമണമായിരുന്നുവെന്നാണ് ന്യൂ ഓർലിയൻസ് പൊലീസ് മേധാവിയുടെ പ്രതികരണം. പരമാവധി പേരെ കൊലപ്പെടുത്താന്‍ പ്രതി ശ്രമിച്ചതായും പൊലീസ് പറഞ്ഞു. ഇയാളെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ജോർജിയ സർവകലാശാലയിലെയും നോട്രെ ഡാമിലെയും ടീമുകൾ പങ്കെടുക്കുന്ന ഷുഗർ ബൗൾ എന്നറിയപ്പെടുന്ന ഒരു പ്രധാന ഫുട്ബോൾ മത്സരം ആരംഭിക്കുന്നതിനു മുമ്പാണ് സംഭവം. 

Exit mobile version