ആഗോള അയ്യപ്പസംഗമത്തെ ചെറുതായി കാണരുതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന വലിയ സംഭവമായി അത് മാറുമെന്നും വെള്ളാപ്പളളി നടേശൻ അഭിപ്രായപ്പെട്ടു . ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന നിലപാടാണ് കോൺഗ്രസിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അയ്യപ്പ സംഗമത്തെക്കുറിച്ച് വിശാല വീക്ഷണത്തിൽ ചിന്തിക്കണം. തെരഞ്ഞെടുപ്പ് വരുന്നത് കൊണ്ടാണ് കോൺഗ്രസ് ഇതിനെ എതിർക്കുന്നത്. ജാതിമതഭേദമന്യേ എല്ലാവർക്കും ചെല്ലാവുന്നതും ക്ഷേത്രമാണ് ശബരിമല.
രാഷ്ട്രീയ പാർട്ടികളും ഭക്തരും എല്ലാവരും അതിനോട് സഹകരിക്കണം. അതിനെ തിരിഞ്ഞു കുത്താൻ ശ്രമിക്കുന്നവർ സ്വയം അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.എസ് എൻ ഡി പി യോഗത്തിന്‍റെ അഭിപ്രായം തുറന്നു പറഞ്ഞിട്ടുണ്ട്. മുഖപത്രമായ യോഗനാദത്തിൽ എഡിറ്റോറിയൽ ആയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വർഷങ്ങളായി ശബരിമലയിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഭക്തരുടെ കാലിൽ ഒരു മൊട്ടുസൂചിയോ മുള്ളോ പോലും കൊള്ളുന്നില്ല. ഗവൺമെന്‍റിന്‍റെ പിന്തുണ ഉള്ളതുകൊണ്ടാണ് എല്ലാം നന്നായി നടക്കുന്നത്.
ദേവസ്വം ബോർഡിന് ആവശ്യമായ എല്ലാ സഹായവും ഗവൺമെന്‍റ് ചെയ്തുകൊടുക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ശബരിമലയുടെ പവിത്രത സൂക്ഷിക്കാൻ അഭിപ്രായ സമന്വയത്തോടു കൂടി എല്ലാ പാർട്ടികളും ഒരുമിച്ചു നിൽക്കണമെന്നും വെള്ളാപ്പള്ളി അഭ്യർഥിച്ചു. ശബരിമലയെ വിവാദഭൂമി ആക്കാതെ എല്ലാവരും സഹകരിക്കണം. ബിജെപി ബദൽ അയ്യപ്പ സംഗമം നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

