Site iconSite icon Janayugom Online

വെള്ളാര്‍കോണം 
പാടശേഖരത്തില്‍ മടവീണു

ആലപ്പുഴ: കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ തകഴിയിലെ ഒരു പാടശേഖരത്തിൽ മടവീണു. മറ്റ് പാടശേഖരങ്ങളും മടവീഴ്ച ഭീഷണിയിൽ. മടവീഴ്ചമൂലം രണ്ടാം വാർഡ് പടഹാരം പള്ളിക്ക് പടിഞ്ഞാറ് നൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. തകഴി പഞ്ചായത്ത് രണ്ടാം വാർഡ് വെള്ളാർകോണം പാടശേഖരത്താണ് മടവീണത്. രണ്ടാം കൃഷി ഇല്ലാതിരുന്ന കുന്നുവൻകോട് പാടശേഖരവുമായുള്ള ഇടബണ്ട് തകർന്നാണ് വെള്ളം ഇരച്ചുകയറിയത്. ഇന്നലെ പുലർച്ചെ രണ്ടോടെയായിരുന്നു മടവീണത്.

കർഷകരും നാട്ടുകാരും ചേർന്ന് പുലർച്ചെ മുതൽ മട തടയാനുള്ള ശ്രമം നടക്കുന്നുണ്ട്. എന്നാൽ കുന്നുവൻകോട് പാടശേഖരത്തിലേക്ക് ആറ്റിൽനിന്നും വെള്ളം കയറുന്നതിനാൽ മട തടയാനാകുന്നില്ല. രണ്ടാം വാർഡിലെ 100 ഓളം കുടുംബങ്ങൾക്ക് റോഡിലേക്കിറങ്ങാനുള്ള ഏകമാർഗ്ഗം കൂടിയായിരുന്നു മടവീണ ഇടബണ്ട്. 20 മീറ്ററോളം നീളത്തിലാണ് ബണ്ട് തകർന്നത്. ഇതോടെ പ്രദേശവാസികൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ്. വിതച്ച് 50 ദിവസം പ്രായമായ നെൽച്ചെടികളാണ് മടവീഴ്ചയിൽ വെള്ളത്തിലായത്. രണ്ടു ദിവസം കഴിഞ്ഞാൽ നെൽച്ചെടികൾ ചീഞ്ഞ് നശിക്കും.

അതുകൊണ്ട് മടതടഞ്ഞ് വെള്ളം വറ്റിക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് കർഷകർ. 82 ഏക്കറുള്ള വെള്ളാർകോണം പാടശേഖരത്തിൽ 52 കർഷകരാണുള്ളത്. തൊട്ടടുത്തുള്ള പനവേലി, ഓടമ്പ്ര പാടശേഖരങ്ങളും മട വീഴ്ച ഭീഷണിയിലാണ്. ഏകദേശം 6 ലക്ഷം രൂപ ബണ്ട് നിർമിക്കുന്നതിനായി ചെലവാകുമെന്നാണ് പാടശേഖര സമിതി ഭാരവാഹികളും കർഷകരും പറയുന്നത്.

Exit mobile version