Site iconSite icon Janayugom Online

ആയഞ്ചേരി പഞ്ചായത്ത് ഓഫീസിന് മുന്നിലെ വെള്ളക്കെട്ട്; അശാസ്ത്രീയ റോഡ് നിർമ്മാണം അന്വേഷിക്കണം: എൽഡിഎഫ്

ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പിഡബ്ല്യൂഡി റോഡിൽ വെള്ളം കെട്ടി നിന്ന് വാഹന ഗതാഗതവും കാൽനട യാത്രയും അസാധ്യമാക്കി തീർത്തത്, ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ അശാസ്ത്രീയമായി നിർമ്മിച്ച റോഡാണെന്ന് എൽഡിഎഫ് അംഗങ്ങൾ ഭരണസമിതി യോഗത്തിൽ ആരോപിച്ചു. 

വെള്ളം ഒഴുകിപ്പോയിരുന്ന ഇടവഴിയിൽ പുതിയ കോൺക്രീറ്റ് റോഡ് നിർമ്മിച്ചത് പിഡബ്ല്യൂഡി റോഡിനേക്കാൾ ഉയരത്തിലാണ്. അങ്ങനെയുള്ള നിർമ്മാണം നടത്തരുതെന്ന് പിഡബ്ല്യൂഡി അധികൃതർ രേഖാമൂലം പഞ്ചായത്തിനെ അറിയിച്ചിരുന്നു. ഇത് കണക്കിലെടുക്കാതെ നടത്തിയ അശാസ്ത്രീയ നിർമ്മാണത്തിന്റെ ഭാഗമായി പഞ്ചായത്തിന് സാമ്പത്തിക നഷ്ടവും, ജനങ്ങൾക്ക് ദുരിതവും ഉണ്ടാക്കി വച്ച അധികൃതർക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാവണമെന്ന് എൽഡിഎഫ് മെമ്പർമാർ പഞ്ചയത്ത് സെക്രട്ടറിക്കും, ജില്ലാ കലക്ടർക്കും സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.
അപാകത പരിഹരിച്ച് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള സത്വര നടപടി ഉണ്ടാവണമെന്നും മെമ്പർമാർ ഭരണസമിതി യോഗത്തിൽ ആവശ്യപ്പെട്ടു.
പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി വി കുഞ്ഞിരാമൻ മാസ്റ്റർ, മെമ്പർമാരായ ടി സജിത്ത്, സുധസുരേഷ്, ശ്രീലത എൻ പി, പി രവീന്ദ്രൻ, പ്രവിത അണിയോത്ത്, ലിസ പുനയംകോട്ട് എന്നിവർ സംസാരിച്ചു.

Exit mobile version