കാട് പിടിച്ച പുഴ കരിഞ്ഞതും
കൊഴിഞ്ഞതും
പതംപറഞ്ഞു നടന്നില്ല
നിലവിളിച്ചതേയില്ല
ഇളക്കം തട്ടാതെ
നിറഞ്ഞൊഴുകിയിരുന്ന കാലത്തും
അടുത്തെങ്ങും ഒന്നും
കടം വാങ്ങാൻ പോയിട്ടില്ല
ഇന്നലെ ഉരുകിയൊലിച്ചെത്തിയ
രണ്ടു ഹൃദയങ്ങളും
ആവാഹിച്ചിറക്കാൻ
പാടുപെടുമ്പോഴാണ്
മേലാകെ പൊങ്ങിയ
പാപപ്പാടകളുടെ
മെഴുക്ക് വിടാതെ
പിടികൂടിയതറിയുന്നത്
ഹൃദയവും ദേഹവും
ഉള്ളകങ്ങളിലേക്ക് ആനയിക്കുന്നത്
നിർത്തിയതായി
ഒരു ബോർഡ് വച്ചു കൂടേയെന്ന് കാട്
കാടെങ്ങനെ കര കയറുമെന്ന്
നാടാകെ ചർച്ച
ചൂരും നീരും കൊടുത്ത്
കരയാകെ നാടു പിടിപ്പിച്ച
പുഴക്കൈകൾ
ചീറിപ്പാഞ്ഞ തീവണ്ടിയുടലുകളിൽ
തേഞ്ഞു തീർന്നതറിയാതെ
ഇന്നും ഹൃദയങ്ങൾ
മെഴുക്കു പടർന്ന പുഴപ്പരപ്പുകളിൽ
കാട് തെരഞ്ഞലയുന്നു
വെളുത്ത സ്വപ്‌നങ്ങൾ

