Site iconSite icon Janayugom Online

‘വേമ്പനാട്ട് കായൽ അതോറിറ്റി’ രൂപീകരിക്കണം

vembanadu Lakevembanadu Lake

കൊച്ചി – വേമ്പനാട്ട് കായലിന്റെ അതിവേഗത്തിലുള്ള നാശം തടയാനായി വേമ്പനാട്ട് കായൽ അതോറിറ്റി രൂപീകരിക്കണമെന്ന് കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയിൽ (കുഫോസ്) നടന്ന ‘ഉൾനാടൻ മത്സ്യസമ്പത്തും മത്സ്യകൃഷിയും’ ഏകദിന സെമിനാർ സർക്കാരിനോട് ആവശ്യപ്പെട്ടു. പ്ളാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടുന്നത് മൂലം വേമ്പനാട്ട് കായലിൽ മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയിൽ വലിയ ആഘാതമാണ് ഉണ്ടായിട്ടുള്ളത്. പല തദ്ദേശമത്സ്യങ്ങളുടെയും വംശനാശത്തിന് ഇതു കാരണമാകുന്നുവെന്ന് സെമിനാറിൽ പങ്കെടുത്ത പ്രതിനിധികൾ ചൂണ്ടിക്കാട്ടി. വേമ്പനാട്ട് കായലിന്റെ ഭാഗമായ തണ്ണീർമുക്കം ബണ്ടുമായി ബന്ധപ്പെട്ട് മത്സ്യ കർഷകരും നെൽകർഷകരും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ സർക്കാർ ഭരണ സംവിധാനത്തിന് കഴിയണമെങ്കിൽ വേമ്പനാട്ട് കായൽ അതോററ്റി നിലവിൽ വരണമെന്ന് സെമിനാർ അഭിപ്രായപ്പെട്ടു.

കേരള ശാസ്ത്ര സാഹിത്യപരിഷത്തും കുഫോസും സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത്. കെ.ബാബു എം.എൽ.എ സെമിനാർ ഉദ്ഘാടനം ചെയ്തു. കുഫോസ് വൈസ് ചാൻസലർ ഡോ.കെ.റിജി ജോൺ അദ്ധ്യക്ഷനായിരുന്നു. നദികളിൽ ഡാമുകൾക്ക് പകരം ചെക്ക് ഡാമുകൾ നിർമ്മിക്കുകയും മത്സ്യങ്ങളുടെ സഞ്ചാരപഥങ്ങൾ സംരക്ഷിക്കാനായി ചെക്ക് ഡാമുകളിൽ ജലകോണികൾ ഉണ്ടാക്കുകയും ചെയ്താലേ ഉൾനാടൻ മത്സ്യസമ്പത്തിൻറെ ശരിയായ സംരക്ഷണം സാദ്ധ്യമാകൂ എന്ന് ഡോ.കെ.റിജി ജോൺ പറഞ്ഞു. കുഫോസ് രജിസ്ട്രാർ ഡോ.ബി.മനോജ് കുമാർ, അക്വാകൾച്ചർ വിഭാഗം മേധാവി ഡോ.കെ.ദിനേഷ്, ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിനിധികളായ പ്രൊഫസർ പി.കെ.രവീന്ദ്രൻ, ഡോ.എൻ.ഷാജി, കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എസ്.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. സെമിനാറിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ കുഫോസ് ഫിഷറീസ്, മാനേജ്മെൻറ് ഫാക്കൽറ്റികൾക്ക് വേണ്ടി നിർമ്മിക്കുന്ന അക്കാഡമിക് ബ്ളോക്കുകളുടെ ശിലാസ്ഥാപനം കെ.ബാബു എം.എൽ.എ യും കുഫോസിലെ മത്സ്യകുളങ്ങളിൽ നിന്നുള്ള മീനും മത്സ്യോൽപ്പനങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കാനായി മാടവന ജംക്ഷനിൽ കുഫോസ് അമിനിറ്റി സെൻററിൽ ആരംഭിച്ച മാതൃകാ മത്സ്യോൽപ്പന്ന വിപണ കേന്ദ്രത്തിൻറെ ഉദ്ഘാടനം വൈസ് ചാൻസലർ ഡോ.കെ.റിജി ജോണും നിർവഹിച്ചു.

Eng­lish Sum­ma­ry: ‘Vem­banad Back­wa­ters Author­i­ty’ should be formed

You may like this video also

Exit mobile version