Site icon Janayugom Online

റാംസർ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടും വേമ്പനാട്ട് കായല്‍ നാശത്തിന്റെ വക്കില്‍

പരിസ്ഥിതി സംരക്ഷണത്തിനുള്ള ‘റാംസർ പദ്ധതി‘യില്‍ ഉള്‍പ്പെട്ട രാജ്യത്തെ രണ്ടാമത്തെ വലിയ തണ്ണീർത്തടമായ വേമ്പനാട്ട് കായല്‍ നാശത്തിന്റെ വക്കില്‍. വിസ്തൃതി ചുരുങ്ങിയും ജൈവവൈവിധ്യം നഷ്ടമായും ഗുരുതരമായ പാരിസ്ഥിതിക നാശത്തിന്റെ ഭീഷണിയിലാണ് ഈ തടാകം. അതീവ പ്രാധാന്യമുള്ള വേമ്പനാടിന്റെ സംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. റാംസർ കണ്‍വെന്‍ഷന്‍ പ്രത്യേകമായി സംരക്ഷിക്കപ്പെടേണ്ട സ്ഥലങ്ങളെന്ന് തിട്ടപ്പെടുത്തിയ പ്രദേശങ്ങളുടെ പരിസ്ഥിതിസംരക്ഷണ ബാധ്യതയുണ്ടായിട്ടും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിസംഗത തുടരുകയാണ്.

2000 ചതുരശ്ര കിലോമീറ്ററിലേറെ വിസ്തീർണ്ണവും ഏകദേശം 96 കിലോമീറ്റർ നീളവുമുള്ള രാജ്യത്തെ ഏറ്റവും നീളം കൂടിയ തടാകമാണിത്. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു. ആവർത്തിച്ചുള്ള വെള്ളപ്പൊക്കം, വർധിച്ച മലിനീകരണം, വിസ്തൃതി കുറയൽ, പായല്‍സസ്യങ്ങളുടെ വ്യാപനം എന്നിവ കാരണം ഗുരുതരമായ പാരിസ്ഥിതിക തകർച്ച നേരിടുന്നുവെന്ന് വിവിധ പഠനങ്ങള്‍ മുന്നറിയിപ്പ് നല്കുന്നു. പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെയും കർഷകരുടെയും ഉപജീവനം മുടങ്ങുന്നതിലേക്ക് കായലിന്റെ നാശം നയിക്കുമെന്ന് സിഡബ്ല്യുആർഡിഎം മുൻ ഡയറക്ടര്‍ ഇ ജെ ജെയിംസ് പറയുന്നു.

കുട്ടനാട്ടിലെ കാർഷിക മേഖലയ്ക്കും മത്സ്യബന്ധന മേഖലയ്ക്കും പരസ്പര പൂരകമാകുന്ന തരത്തിൽ തടാകം പുനരുജ്ജീവിപ്പിക്കാന്‍ തണ്ണീർമുക്കം ബണ്ടിന്റെയും തോട്ടപ്പള്ളി സ്പിൽവേയുടെയും ശാസ്ത്രീയവും കാര്യക്ഷമവുമായ പ്രവർത്തനം ആവശ്യമാണെന്നും വിദഗ്ധര്‍ പറയുന്നു. 2011ലെ സ്വാമിനാഥൻ ഫൗണ്ടേഷൻ റിപ്പോർട്ടും 2012ലെ മദ്രാസ് ഐഐടിയുടെയും സിഡബ്ല്യുആർഡിഎമ്മിന്റെയും സംയുക്ത പഠനവും ഇതേ വിഷയം ഉന്നയിച്ചിരുന്നു. തടാകതീരത്തെ വീടുകളും റിസോർട്ടുകളും നദിയിലേക്കാണ് മാലിന്യംതള്ളുന്നതെന്നും പല ഹൗസ് ബോട്ടുകളും പരിസ്ഥിതി സൗഹൃദമല്ലെന്നും ബയോ ടോയ്‍ലറ്റുകളല്ല ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായതിനാൽ വീടുകളിലെയും ഹൗസ്ബോട്ടുകളിലെയും മലിനജലം ജലാശയത്തിലേക്ക് ഒഴുക്കുന്നതിന് മുമ്പ് സംസ്കരിക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കായലിനെ റാംസർ പ്രദേശമായി പ്രഖ്യാപിച്ചതിന് ശേഷം ഇത് സംരക്ഷിക്കാന്‍ കേന്ദ്രം ഒന്നും ചെയ്തിട്ടില്ലെന്ന് ആലപ്പുഴയിൽ നിന്നുള്ള എംപി എ എം ആരിഫ് പറഞ്ഞു. തടാക സംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അവ ഇതുവരെ നടപ്പാക്കിയിട്ടില്ല. സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും അത് പര്യാപ്തമാകില്ല. കായലിലെ ബണ്ടുകൾ തകർന്ന് മീൻപിടിത്തം ദുഷ്കരമാണെന്നും പതിവായി ഡ്രഡ്ജിങ്ങും മണ്ണ് നീക്കം ചെയ്യലും ആവശ്യമാണെന്നും ആരിഫ് പറഞ്ഞു.

സംരക്ഷണത്തിന് സമിതി

വേമ്പനാട് കായൽ സംരക്ഷിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള കായൽ കയ്യേറ്റങ്ങൾ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ കളക്ടർ ചെയർമാനായും ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലേയും ഉദ്യോഗസ്ഥർ അംഗങ്ങളായും കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കായൽ സംരക്ഷിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള കായൽ കയ്യേറ്റങ്ങൾ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുന്നതിന് വിവിധ വകുപ്പുകൾ ഉൾക്കൊള്ളുന്ന ഒരു കമ്മിറ്റി രൂപീകരിച്ച് സമഗ്രമായ പഠനം നടത്തണമെന്ന് നിയമസഭാ സമിതി ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്.

റാംസര്‍ പ്രദേശമായിട്ട് 20 വര്‍ഷം

2002 നവംബറില്‍ ചേര്‍ന്ന റാംസര്‍ കണ്‍വെന്‍ഷനിലാണ് അഷ്ടമുടി, ശാസ്താംകോട്ട, വേമ്പനാട് എന്നിവയെ പ്രത്യേക പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലങ്ങളായി അംഗീകരിച്ചത്. പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കുന്നതിനായി 18 രാഷ്ട്രങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ചതാണ് റാംസര്‍ കണ്‍വെന്‍ഷന്‍. 1971 ഫെബ്രുവരി 12ന് ഇറാനിലെ റാംസര്‍ എന്ന പട്ടണത്തില്‍ 18 രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ ചേര്‍ന്ന് കരാറില്‍ ഒപ്പുവച്ചതോടെയാണ് റാംസര്‍ കണ്‍വെന്‍ഷന്‍ നിലവില്‍വന്നത്. ഈ പ്രദേശങ്ങളില്‍ നടപ്പിലാക്കുന്ന ഏതു തരത്തിലുളള വികസന പദ്ധതിക്കും റാംസര്‍ പാനലിന്റെ അംഗീകാരമുണ്ടായിരിക്കണം. സ്ഥലങ്ങളുടെ പാരിസ്ഥിതിക സ്വഭാവം നിലനിര്‍ത്തുന്നതിനുള്ള ഉത്തരവാദിത്തവും സര്‍ക്കാരുകള്‍ക്കുണ്ട്.

Eng­lish Summary:Vembanath back­wa­ter is on the brink of destruc­tion despite being includ­ed in the Ram­sar scheme
You may also like this video

Exit mobile version