കരീബിയന്‍ മേഖലയില്‍ യുഎസ് സൈനിക വിന്യാസം ശക്തമാക്കുന്നതിന് പിന്നാലെ മേഖലയില്‍ കൂടുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി വെനസ്വേല. ഡ്രോണുകള്‍, നാവിക പട്രേളിംങ്, യുദ്ധക്കപ്പലുകള്‍ എന്നിവയുടെ സാന്നിദ്ധ്യം മേഖലയില്‍ വെനസ്വേല ശക്തമാക്കി .രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് വ്യത്യസ്ത ദൗത്യങ്ങൾ മുൻനിർത്തിയുള്ള ഡ്രോണുകൾ വിന്യസിക്കുമെന്ന് വെനസ്വേല പ്രതിരോധ മന്ത്രി വ്‌ളാഡിമർ പാഡ്രിനോ പറഞ്ഞു.
നദിയിലൂടെയുള്ള പാട്രോളിങും ശക്തമാക്കി. മരകയ്‌ബോ തടാകത്തിലും ഗൾഫ് ഓഫ് വെനസ്വേലയിലും പട്രോളിങ് കൂടുതൽ കാര്യക്ഷമമാക്കി. കരീബിയൻ കടലിലും നിരീക്ഷണം വർധിപ്പിച്ചു. കൊളംബിയയുമായി അതിർത്തി പങ്കിടുന്ന 2,219 കിലോമീറ്ററിൽ 851 കിലോമീറ്ററിൽ സുരക്ഷ ശക്തിപ്പെടുത്താൻ വെനസ്വേല 15,000 സൈനിക, പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഇൗ മേഖലയിൽ കൂടുതൽ നാവിക സേനയെ വിന്യസിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെയാണ് വെനിസ്വേല മേഖലയിൽ കൂടുതൽ ജാഗ്രത പാലിക്കുന്നത്.
കരീബിയൻ മേഖലയിലെ മയക്കുമരുന്ന് മാഫിയയെ തകർക്കാനാണ് മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് യുഎസ് വാദം. അത്യാധുനിക കര, നാവിക യുദ്ധ ഉപകരണങ്ങളാണ് യുഎസ് വിന്യസിച്ചിരിക്കുന്നത്. ഇത് മേഖലയെ കൂടുതൽ പ്രക്ഷുബ്‌ധമാക്കിയ സാഹചര്യത്തിലാണ് അമേരിക്കൻ അധിനിവേശം മുന്നിൽക്കണ്ടുള്ള വെനിസ്വേലയുടെ സുരക്ഷാ നടപടി.

