Site iconSite icon Janayugom Online

വേണുവിന്റെ വെങ്കല നേട്ടത്തിന് സ്വര്‍ണത്തേക്കാള്‍ തിളക്കം

ദേശീയ പവര്‍ ലിഫ്റ്റിങ് മത്സരത്തില്‍ മലയാളിയായ വേണു മാധവന്‍ പൊരുതി നേടിയ വെങ്കലത്തിന് സ്വര്‍ണത്തിളക്കം. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ മേയ് 11 മുതല്‍ 14 വരെ നടന്ന നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിങ്ങിലാണ് (83 കിലോ പുരുഷവിഭാഗം) കൊല്ലം മരുത്തടി സ്വദേശിയായ വേണു മാധവന്‍ വെങ്കലം നേടിയത്. തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലിരിക്കുന്ന വേണു മത്സരപ്പിറ്റേന്ന് വെങ്കല മെഡലുമായി നേരെ ചെന്നിറങ്ങിയത് ആശുപത്രിയിലേയ്ക്കാണ്- കീമോ തെറാപ്പിക്കായി.

എട്ട് വര്‍ഷം മുമ്പ് പരിശീലനം നടത്തുന്നതിനിടെ ഉണ്ടായ പരിക്കിന്റെ ഭാഗമായി ആശുപത്രിയില്‍ പരിശോധന നടത്തുമ്പോഴാണ് രക്താര്‍ബുദം ബാധിച്ചതായി കണ്ടെത്തിയത്. കാന്‍സര്‍ മൂന്നാംഘട്ടത്തിലായതുമൂലം ഇനിയൊരു തിരിച്ചുവരവിന് സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞുവെങ്കിലും മനക്കരുത്തും ആത്മവിശ്വാസവും കൊണ്ട് രോഗത്തെ നേരിട്ടാണ് വേണു പടവുകള്‍ ഒന്നൊന്നായി കയറിയത്. ഡോക്ടര്‍മാരെപ്പോലും അത്ഭുതപ്പെടുത്തി ചെന്നൈ ജില്ലാ പവര്‍ലിഫ്റ്റിങ് മത്സരത്തില്‍ രണ്ടാംസ്ഥാനം നേടി. 

തുടര്‍ന്ന് തിരുവനന്തപുരത്ത് നടന്ന ഇന്റര്‍സ്റ്റേറ്റ് ചാമ്പന്‍ഷിപ്പില്‍ ഒന്നാമതായി. ഇപ്പോള്‍ ദേശീയ തലത്തില്‍ വെങ്കലവും. ശാരീരികക്ഷമത കൂട്ടാനുള്ള പരിശ്രമത്തിന്റെ ഭാഗമായി പവര്‍ലിഫ്റ്റിങ് രംഗത്തേക്ക് എത്തിയ വേണു മാധവന്‍ മത്സരവേദിയിലേക്ക് എത്തുന്നത് വൈകിയാണ്. 2003 മുതല്‍ ചെന്നൈയിലെ സാമൂഹ്യപ്രവര്‍ത്തന രംഗത്ത് സജീവമായ വേണു തിരുവാണ്‍മയൂരിലെ വേദപഠനശാലയുടെ ചുമതലയും വഹിക്കുന്നു. 

Eng­lish Summary;Venu’s bronze achieve­ment shines brighter than gold
You may also like this video

Exit mobile version