Site iconSite icon Janayugom Online

എറണാകുളം ബിഷപ്പ് ഹൗസില്‍ വാക്കു തര്‍ക്കം;വൈദികരെ സെന്റ് മേരീസ് ബസിലിക്ക അങ്കണത്തിലേക്ക് മാറ്റി

നിരാഹാര സമരമിരിക്കുന്ന വൈദികരെ പൊലീസ് നീക്കിയതിന് പിന്നാലെ എറണാകുളം- അങ്കമാലി അതിരൂപത ബിഷപ്പ് ഹൗസില്‍ വാക്കുതര്‍ക്കം. സമരമിരുന്ന വൈദികരെ അനുകൂലിക്കുന്ന വിശ്വാസികളും പൊലീസുമായി തര്‍ക്കമുണ്ടായി. വൈദികരെ സെന്റ് മേരീസ് ബസിലിക്ക അങ്കണത്തിലേക്ക് മാറ്റി. ഏകീകൃത കുർബാന വിഷയത്തിൽ നാല് വൈദികർക്കെതിരെ നടപടിയെടുത്തിൽ പ്രതിഷേധിച്ചായിരുന്നു നിരാഹാരസമരം.

കാക്കനാട് സെൻറ് തോമസ് മൗണ്ടിൽ സിറോമലബാർ സഭ സിനഡ് സമ്മേളനം നടക്കുന്നതിനിടെയാണ് ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്ന വൈദികർ വ്യാഴാഴ്ച്ച എറണാകുളം ബിഷപ്പ്ഹൗസിനുള്ളിൽ കയറി പ്രതിഷേധം തുടങ്ങിയത്. 21 വൈദികരുടെ നേതൃത്വത്തിൽ പ്രാർഥനാ യജ്ഞം ആരംഭിക്കുകയായിരുന്നു. കാനോനിക നിയമങ്ങളും സിവിൽ നിയമങ്ങളും ലംഘിച്ചാണ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ വൈദികരെ സസ്പെൻഡ് ചെയ്തതെന്നും നടപടി പിൻവലിക്കും വരെ പ്രതിഷേധം തുടരുമെന്നും വൈദികർ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ അതിരൂപതാ ആസ്ഥാനത്ത് ഇരുവിഭാഗം വിശ്വാസികൾ ഏറ്റുമുട്ടി. വൈദികർ അരമനയിൽ പ്രവേശിച്ച ഉടൻ ഒരുകൂട്ടം വിശ്വാസികൾ ഇവർക്ക് പിന്തുണയുമായെത്തിയിരുന്നു. അതിനോടൊപ്പം തന്നെ ഏകീകൃത കുർബാനയെ അനുകൂലിക്കുന്നവരും സംഭവമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു. ഇരുപക്ഷത്തെയും വിശ്വാസികൾ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.

Exit mobile version