Site iconSite icon Janayugom Online

വേതാട്ട് ചിറ- മാനേഴത്ത് തോട് 
തെളിഞ്ഞൊഴുകാൻ ഒരുങ്ങുന്നു

പൂച്ചാക്കല്‍: നാളുകളായി ചെളിയും മാലിന്യങ്ങളും നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടിരുന്ന പാണാവള്ളി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ വേതാട്ട് ചിറ — മാനേഴത്ത് തോടിന്റെ ശുചീകരണത്തിന് തുടക്കമായി. പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് ശുചീകരണം. മാലിന്യങ്ങൾ നീക്കി ആഴം കൂട്ടാനുള്ള പ്രവർത്തനങ്ങളാണ് ആദ്യ ഘട്ടത്തിൽ നടക്കുന്നത്. വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനു വേണ്ടിയാണ് നീരൊഴുക്ക് സുഗമമാക്കാനുള്ള നടപടികൾക്ക് പഞ്ചായത്ത് തുടക്കമിട്ടത്.

വേമ്പനാട് കായലിനോട് ബന്ധപ്പെട്ടുകിടക്കുന്ന ഈ തോട് മുൻ വർഷങ്ങളിൽ മഴക്കാലത്ത് കവിഞ്ഞൊഴുകിയതിനെ തുടർന്ന് പ്രദേശവാസികൾക്ക് ദിവസങ്ങളോളം വെള്ളക്കെട്ട് നേരിടേണ്ടി വന്നിരുന്നു. ശുചീകരണത്തിനൊപ്പം വശങ്ങളിൽ കയർ ഭൂ വസ്ത്രവും വിരിക്കുന്നുണ്ട്. 2.63 ലക്ഷം രൂപ ചിലവിട്ട് 575 മീറ്റർ നീളത്തിലാണ് നിലവിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. മഴ കൂടുതൽ ശക്തമാകുന്നതിനു മുൻപ് പ്രവർത്തനം പൂർത്തിയാക്കുമെന്ന് ഗ്രാപഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ് പറഞ്ഞു.

Exit mobile version