സംസ്ഥാനത്തെ മുഴുവന്‍ ബ്ലോക്കുകളിലും വെറ്ററിനറി ആംബുലന്‍സ് ആരംഭിക്കുമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. കേരളശ്ശേരി സെന്റര്‍ ക്ഷീര സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ക്ഷീര കര്‍ഷകസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആരംഭത്തില്‍ 29 ആംബുലന്‍സുകള്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി ആരംഭിക്കുന്നത്. വെറ്ററിനറി ഡോക്ടര്‍, അറ്റന്റര്‍, ഡ്രൈവര്‍ എന്നിവരാണ് വാഹനത്തില്‍ ഉണ്ടാവുക. ജില്ലയില്‍ രാത്രി സമയങ്ങളില്‍ മൃഗഡോക്ടര്‍മാരുടെ സേവനത്തിന് പുറമെയാണ് വെറ്ററിനറി ആംബുലന്‍സ് സേവനം തുടങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.
ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ വിലകുറച്ച് ലഭിക്കാന്‍ കേരള ഫീഡ്‌സിന്റെ ആഭിമുഖ്യത്തില്‍ മില്‍മ ക്ഷീര വര്‍ധിനി കാലിത്തീറ്റയുടെ ഉല്പാദനത്തിനും വിതരണത്തിനും സംസ്ഥാനത്ത് തുടക്കമായി. തരിശായ സ്ഥലങ്ങളിലും ഒന്നാംവിളയ്ക്ക് ശേഷം വെറുതെ കിടക്കുന്ന ഭുമികളിലും സോയ, കടല, ചോളം എന്നിവ കൃഷി ചെയ്യുന്നതിന് കര്‍ഷകരെ പ്രോത്സാഹിപ്പിക്കുമെന്നും ഇവ കേരള ഫീഡ്‌സ് വില നല്‍കി വാങ്ങി കാലിത്തീറ്റ ഉല്പാദിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ അധികം വരുന്ന വൈക്കോല്‍ കിസാന്‍ റയില്‍ സേവനം ഉപയോഗിച്ച് കേരളത്തില്‍ എത്തിച്ച് പോഷക സമ്പുഷ്ടമായ കാലിത്തീറ്റ നിര്‍മ്മിക്കാനും പദ്ധതിയുണ്ട്.
പാല്‍ ഉല്പാദനം വര്‍ധിപ്പിക്കാന്‍ മികച്ച പശുക്കളെ കേരളത്തില്‍ വ്യാപകമാക്കും. പശുക്കളുടെ ആരോഗ്യം, പ്രജനനം തുടങ്ങിയ മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കുന്ന റേഡിയോ ഫ്രീക്ക്വന്‍സി ഐഡന്റിഫിക്കേഷന്‍ അഥവാ ഇ സമ്പത്ത് പദ്ധതിയും സംസ്ഥാനത്ത് തുടങ്ങും. രാജ്യത്ത് ആദ്യമായി പത്തനംതിട്ടയിലാണ് പൈലറ്റ് പ്രോജക്ട് ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു. പശുക്കളുടെ ചെവിയില്‍ ചെറിയ ചിപ്പ് ഘടിപ്പിക്കുന്നതാണ് പദ്ധതി. പദ്ധതി വിജയിച്ചാല്‍ സംസ്ഥാനത്ത് വ്യാപിപ്പിക്കും.
കേരളത്തിലെ മുഴുവന്‍ പശുക്കള്‍ക്കും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്ന പദ്ധതിക്ക് കേന്ദ്ര സഹായത്തോടെ തുടക്കം കുറിക്കുമെന്നും ക്ഷീര മേഖലയിലെ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ഓരോ കര്‍ഷകനും ക്ഷീര കര്‍ഷക ക്ഷേമ സമിതിയില്‍ അംഗമാവണമെന്നും മന്ത്രി നിര്‍ദേശിച്ചു.
English Summary: Veterinary ambulance to start in state soon: Minister J Chinchurani
You may like this video also