Site iconSite icon Janayugom Online

വെറ്ററിനറിയും ജന്തുശാസ്ത്രങ്ങളും സര്‍വ്വകലാശാലാ ബില്ലും; കേരളാ കന്നുകാലി പ്രജനനബില്ലും ബില്ലും സബ്ജക്ട് കമ്മിറ്റിക്ക്

2023ലെ കേരള വെറ്ററിനറിയും ജന്തുശാസ്ത്രങ്ങളും സര്‍വ്വകലാശാലാ ബില്ലും കേരളാ കന്നുകാലി പ്രജനനബില്ലും നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയച്ചു.

വെറ്ററിനറി സര്‍വ്വകലാശാലാ വാര്‍ഷിക കണക്കും ഓഡിറ്റ് റിപ്പോര്‍ട്ടും സര്‍ക്കാരിന് സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി “തൊട്ടടുത്ത വര്‍ഷം മാര്‍ച്ച് ഒന്നാം തീയതിയോ അതിനു മുമ്പോ’ എന്ന് നിശ്ചയിച്ചുള്ള വ്യവസ്ഥ കേരള വെറ്ററിനറിയും ജന്തുശാസ്ത്രങ്ങളും സര്‍വ്വകലാശാലാ അക്ടില്‍ ഉള്‍പ്പെടുത്തേണ്ടതിനാണ് നിയമ ഭേദഗതി നടപ്പാക്കുന്നതെന്ന് ബില്ലുകള്‍ അവതരിപ്പിച്ച് ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.

1992 മുതല്‍ സംസ്ഥാനത്ത് കന്നുകാലി പ്രജനനയം നിലവിലുണ്ടെങ്കിലും പൂര്‍ണ്ണമായും കര്‍ഷകര്‍ക്ക് ഗുണപ്പെടുന്ന തലത്തില്‍ നടപ്പിലാക്കുന്നതിന് നിയമത്തിന്റെ പിന്‍ബലം ആവശ്യമാണ്. ഇതിനായാണ് 2023ലെ കേരള കന്നുകാലി പ്രജനന ബില്‍ നടപ്പാക്കുന്നത്. സംസ്ഥാനത്ത് പശുക്കളില്‍ സങ്കര പ്രജനന നയമാണ് നടപ്പിലാക്കുന്നത്. പാലുല്‍പ്പാദനത്തില്‍ സംസ്ഥാനം രാജ്യത്ത് രണ്ടാം സ്ഥാനത്ത് എത്തിയതും ഈ നയത്തിന്റെ ഫലമാണ്. എന്നാല്‍ പരിമിതമായ തോതിലാണെങ്കിലും പുറത്തുനിന്നുള്ള ഏജന്‍സികളുടെ ഗുണനിലവാര മാനദണ്ഢങ്ങള്‍ പാലിക്കാത്ത ബീജമാത്രകളുടെ അനധികൃതമായ ഉപയോഗം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരം സാഹചര്യത്തില്‍ പ്രജനന നയം പൂര്‍ണ്ണമായ തോതില്‍ നടപ്പാക്കുന്നതിനും നിയമസാധുത ഉറപ്പുവരുത്തുന്നതിനും പ്രജനനിയമം അനിവാര്യമാണ്.

നിയമം പ്രാബല്യത്തിലാകുന്ന ക്രമത്തില്‍ കന്നുകാലി പ്രജനന നിയന്ത്രണ അതോറിറ്റി രൂപീകരിക്കും. അതോറിറ്റിയുടെ ആസ്ഥാനം സംസ്ഥാന മൃഗസംരക്ഷണ ഡയറക്ട്രേറ്റില്‍ കേന്ദ്രീകരിക്കും. പ്രജനന നയം നടപ്പിലാക്കുക, സംസ്ഥാനത്തിനകത്തോ പുറത്തോ ഉത്പാദിപ്പിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ ആയ ബിജമാത്രകളുടെയും ഭ്രൂണത്തിന്റെയോ സംഭരണം,വില്‍പന, ഉപയോഗം എന്നിവ നിയന്ത്രിക്കുക, ബീജ കേന്ദ്രങ്ങള്‍, ബീജ ബാങ്കുകള്‍ രജിസ്റ്റര്‍ ചെയ്യുക, എഐ ടെക്നീഷ്യന്മാരുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ക്രമീകരിക്കുക എന്നിവയാണ് അതോറിറ്റിയുടെ ചുമതലകള്‍.

Exit mobile version