Site iconSite icon Janayugom Online

വേട്ട

ട്ടമിട്ടു പറക്കുന്നു
ആകാശചരിവിൽ
ഇളകി തിടുക്കപ്പെട്ട്
ആഴത്തിലുയിർകൊണ്ട
മുള്ളാണി പോൽ കണ്ണുകൾ
നിലത്തേക്കൂഴ്ന്നു കടുത്ത്
സഞ്ചാര പാതയിലിരയെ
കണ്ണിമ ചൂഴ്ന്നു നോക്കി
വീടിൻ കൂടിനരികിൽ
കിണർ വട്ടത്തിൻ നിഴലിൽ
ചിക്കിച്ചികഞ്ഞു കോഴികൾ
മുറ്റത്തെ എച്ചിൽ പരതി
നഖങ്ങളിൽ കോർത്ത്
വിശപ്പിൻഭൂപടം വരഞ്ഞ്
പിന്നിൽ നടക്കുന്നു
പൂച്ച, കുഞ്ഞാട്, വളർത്തുനായ
കാവൽ, കരുതൽ, വാത്സല്യം
പകുത്ത വികാരനേരുകൾ
പതിയെ ഇരയെത്തേടി
പരുന്തു കണ്ണുകൾ
ജീവിത വട്ടത്തിൽ
നേർത്തില്ലാതായ ജൈവ രേഖകൾ
വിശപ്പു വെടിയുണ്ട തീർത്ത
യുദ്ധ ക്ഷോഭങ്ങളിൽ
ഇരയെ തളയ്ക്കുന്ന
ക്രൂരവേട്ടയുടെ
ചരിത്രാവർത്തനം
കെടുതിയിലിരവിന്റെ
പകലിന്റെ ആർത്തനാദം
പച്ചമാംസച്ചൂരിലുറങ്ങുന്ന
അസ്വസ്ഥജന്യ നേരങ്ങൾ
മാംസം കോർത്തെടുത്ത
ചോര പുരണ്ട പരുന്തു നഖങ്ങൾ
വേട്ടയ്ക്കൊരുങ്ങുന്നു
കാലദർപ്പണത്തിൽ
കൂർത്ത നഖങ്ങൾ ചേർത്തു വച്ച്

Exit mobile version