നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് രാജസ്ഥാനില്‍ ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെ വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകരുടെ ആക്രമണം. ഭരത്പൂരിലെ രാജസ്ഥാന്‍ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ആന്റ് ഇന്‍വെസ്റ്റ്മെന്റ് ഏരിയയില്‍ പ്രാര്‍ത്ഥന കൂട്ടായ്മ നടക്കുകയായിരുന്ന കെട്ടിടത്തിലേക്ക് ഇരച്ചുകയറിയ വിഎച്ച്‌പി പ്രവര്‍ത്തകര്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ക്രൂരമായി മര്‍ദിച്ചു. ആക്രമണത്തിന് നേതൃത്വം നല്‍കിയ ഹിന്ദുത്വ വാദികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം ക്രൈസ്തവ വിശ്വാസികളായ സ്ത്രീകളെ ഉള്‍പ്പെടെയുള്ളവരെ അകാരണമായി ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വീട്ടില്‍ അതിക്രമിച്ചു കയറിയ വിഎച്ച്പി പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയെന്ന് ആരോപിച്ച് യുവാക്കളെ പൊതിരെ തല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. വസ്ത്രങ്ങള്‍ കീറി ചോരയൊലിക്കുന്ന യുവാവിനെ പുറത്തിറക്കി നിലത്തിട്ട് ആക്രമിക്കുന്നതും വീഡിയോയില്‍ കാണാം.
രവീന്ദ്ര എന്നയാളുടെ നേതൃത്വത്തിലായിരുന്നു സ്ത്രീകളടക്കമുള്ളവര്‍ പങ്കെടുത്ത പ്രാര്‍ത്ഥനാ കൂട്ടായ്മ നടന്നത്. ഇതിനുനേരെ സംഘടിച്ചെത്തിയ വിഎച്ച്പി പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയായിരുന്നു. പ്രാര്‍ത്ഥനാമുറിയോട് ചേര്‍ന്ന ലൈബ്രറിയും അക്രമികള്‍ അടിച്ചുതകര്‍ത്തു. എന്നാല്‍ വിവരമറിഞ്ഞെത്തിയ പൊലീസ് അക്രമികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം 20 സ്ത്രീകള്‍ ഉള്‍പ്പെടെ 28 ക്രൈസ്തവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. 5000 രൂപയുടെ ബോണ്ടിന്മേല്‍ കോടതി ജാമ്യം നല്‍കി വിട്ടയച്ചു.
ബിഎന്‍എസിലെ 299, 302 വകുപ്പുകൾ പ്രകാരമാണ് രവീന്ദ്രയ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നതെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (സിറ്റി) സുനിൽ പ്രസാദ് പറഞ്ഞു. അതിനിടെ സംഭവത്തെ ന്യായീകരിച്ച് വിഎച്ച്പി ഭരത്പൂര്‍ ജില്ലാ പ്രസിഡന്റ് ലഖന്‍ സിങ് രംഗത്തെത്തി. അത്ഭുതരോഗശാന്തി വാഗ്ദാനം ചെയ്ത് ആളുകളെയെത്തിച്ച് മതംമാറ്റം നടത്തുന്നതായി വിവരം ലഭിച്ചാണ് വിഎച്ച്പി പ്രവര്‍ത്തകര്‍ എത്തിയതെന്നും വിഷയത്തില്‍ പൊലീസിനെ വിവരം ധരിപ്പിച്ചിരുന്നതായും ലഖന്‍ സിങ് പറഞ്ഞു.
English Summary: VHP attack on Christians in Rajasthan
You may also like this video