Site iconSite icon Janayugom Online

ക്രിസ്ത്യന്‍ സ്കൂളിനുനേരെ ലൈംഗിക, മതംമാറ്റ ആരോപണങ്ങള്‍ ഉന്നയിച്ച് ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമം: വിഎച്ച്പി നേതാവ് അറസ്റ്റില്‍

ലൈംഗികാരോപണം ഉന്നയിച്ച് ക്രിസ്ത്യൻ സ്‌കൂളുകളില്‍നിന്ന് പണം തട്ടാന്‍ ശ്രമിച്ച വിഎച്ച്പി നേതാവ് അറസ്റ്റിലായി. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി മുത്തുവേലാണ് (40) അറസ്റ്റിലായത്. ഇടവക വികാരിയോട് പണം ആവശ്യപ്പെട്ട കേസിൽ  അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
അരിയല്ലൂർ ഔവർ ലേഡി ഓഫ് ലൂർദ് പള്ളിയിലെ ഇടവക വികാരി ഡൊമിനിക് സാവിയോയെ 25 ലക്ഷം രൂപ നൽകണമെന്നും ഇല്ലെങ്കിൽ തന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായി ബന്ധപ്പെട്ടവർ പറയുന്നു.

2022ല്‍ തഞ്ചാവൂർ ജില്ലയിലെ മൈക്കിൾപട്ടിയിലെ ഒരു ക്രിസ്ത്യൻ സ്‌കൂളിൽ പഠിക്കുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി കീടനാശിനി കുടിച്ച് ആത്മഹത്യ ചെയ്തിരുന്നു. സ്‌കൂൾ ഹോസ്റ്റൽ വാർഡൻ സകായമേരി വിദ്യാർത്ഥിനിയെ മതംമാറ്റാൻ നിർബന്ധിച്ചതിൽ മനംനൊന്താണ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാരോപിച്ചാണ് ഇയാള്‍ ആദ്യം രംഗത്ത് വന്നത്.

മരണത്തിന് മുമ്പുള്ള കുട്ടിയുടെ മൊഴി തന്റെ പക്കലുണ്ടെന്ന് നേരത്തെ തന്നെ ഇയാള്‍ അവകാശപ്പെട്ടിരുന്നു. മതംമാറ്റാന്‍ സ്കൂള്‍ അധികൃതര്‍ ശ്രമിക്കുന്നുവെന്ന് കുട്ടി വീഡിയോയില്‍ പറഞ്ഞിരുന്നതായാണ് ഇയാള്‍ അന്ന് വെളിപ്പെടുത്തിയിരുന്നത്. അതേസമയം മൊഴി എന്ന് പറഞ്ഞ് പുറത്തുവന്ന വീഡിയോയില്‍ കുട്ടി അത്തരമൊരു പരാമര്‍ശം നടത്തിയിരുന്നില്ല. മതം മാറാൻ ആവശ്യപ്പെട്ടതാണ് വിദ്യാർത്ഥിനിയുടെ ആത്മഹത്യക്ക് കാരണമെന്ന് പ്രചരിച്ച വിവരം വ്യാജമാണെന്നും കണ്ടെത്തിയിരുന്നു.

അതേസമയം സ്കൂള്‍ അധികൃതരെ ഭീഷണിപ്പെടുത്തുന്നതിനായി ഇയാള്‍ തയ്യാറാക്കിയ പദ്ധതിയുടെ വീഡിയോ വെളിയില്‍ വന്നു. പള്ളി അധികൃതര്‍ക്കെതിരെ പ്രതിഷേധം നടത്താനായി അഞ്ച് ലക്ഷം രൂപ തരാം. അത് വെച്ച് പള്ളി അധികൃതരോട് പ്രതിഷേധം നടത്തുമെന്ന് നോട്ടീസ് നല്‍കണം. പ്രതിഷേധം നടത്താതിരിക്കണമെങ്കില്‍ പണം ആവശ്യപ്പെടണം. ആ പണം എനിക്ക് കൈമാറണം. ഇത് കൃത്യമായി ചെയ്താൽ നിങ്ങൾക്കും സമ്പാദിക്കാം, എനിക്കും സമ്പാദിക്കാം. ഓഡിയോയില്‍ പറയുന്നു.

സംഭവത്തില്‍ മുത്തുവേലിനെതിരെ സെന്റ് ലൂർദ് പള്ളിയിലെ വൈദികനും ആർ സി ഡൊമിനിക് സാവിയോ അരിയല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. മൈക്കിൾപട്ടി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ രാജ്യത്തുടനീളം പ്രതിഷേധങ്ങൾക്കും പ്രകടനങ്ങൾക്കും കാരണമായത് മുത്തുവേലാണെന്നും പരാതിയിൽ പറയുന്നു.

സ്‌കൂൾ വിദ്യാർഥിനിയുടെ ആത്മഹത്യയെ മതപ്രശ്‌നമാക്കി മാറ്റാൻ ശ്രമിച്ചവർ ക്രിസ്ത്യൻ സ്‌കൂളുകൾക്കെതിരെ വ്യാജ പരാതി നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത് സമൂഹത്തിലെ മതസൗഹാർദം തകർത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ മുത്തുവേലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Eng­lish Sum­ma­ry: VHP leader arrest­ed for try­ing to extort lakhs from Chris­t­ian school on sex and con­ver­sion charges

You may also like this video

Exit mobile version