Site iconSite icon Janayugom Online

മതാതീത സംവരണം: എതിര്‍ത്ത് വിഎച്ച്പി

ദളിത് വിഭാഗത്തില്‍ നിന്നും മറ്റ് മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നവര്‍ക്ക് എസ്‌സി പദവി നല്‍കുന്നതിനെ എതിര്‍ത്ത് ഹിന്ദുത്വ സംഘടനയായ വിശ്വഹിന്ദു പരിഷത്ത്. ജാതി മത വ്യത്യാസങ്ങളില്ലായെന്ന് അവകാശപ്പെടുന്ന മതങ്ങളില്‍ ചേര്‍ന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനുള്ള നീക്കം എതിര്‍ക്കുമെന്ന് വിഎച്ച്പി വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞു. വിഷയം സംബന്ധിച്ച് പഠിക്കാനായി കേന്ദ്ര സര്‍ക്കാര്‍ മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ മൂന്നംഗ സമിതിക്ക് കഴിഞ്ഞയാഴ്ച രൂപം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് എതിര്‍പ്പുമായി ഹിന്ദുത്വ സംഘടന രംഗത്തെത്തിയത്.

ഇത്തരം നടപടികള്‍ രാജ്യത്ത് കൂടുതല്‍ മതപരിവര്‍ത്തനം നടക്കാന്‍ കാരണമാകും. ജവഹര്‍ലാല്‍ നെഹ്രു ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഈ ആവശ്യത്തെ പണ്ടുമുതല്‍ അംഗീകരിച്ചിട്ടില്ലെന്നും അലോക് കുമാര്‍ ബംഗളുരുവില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഹിന്ദു, സിഖ്, ബുദ്ധ ഇതര മതം സ്വീകരിക്കുന്ന ഒരു വ്യക്തിയെയും പട്ടികജാതികളിൽ അംഗമായി കണക്കാക്കാൻ പാടില്ല എന്നാണ് 1950ലെ ഭരണഘടനാ (പട്ടികജാതി) ഉത്തരവിന്റെ മൂന്നാം ക്ലോസില്‍ പറയുന്നത്. അതേസമയം രാജ്യത്തെ മത പരിവര്‍ത്തിത വിഭാഗങ്ങള്‍ സംവരണം മതാതീതമായിരിക്കണമെന്ന് ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. മറ്റ് മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത ശേഷം ആചാരപരമായോ സാമൂഹിക, സാമ്പത്തിക വിവേചനങ്ങളോ ഇവര്‍ നേരിടുന്നുണ്ടോ എന്നതാണ് സമിതിയുടെ പ്രധാന പരിഗണനാ വിഷയം.

Eng­lish Sum­ma­ry: VHP oppos­es SC sta­tus to reli­gious converts
You may also like this video

Exit mobile version