Site icon Janayugom Online

പള്ളികള്‍ തകര്‍ക്കുമെന്ന് വിഎച്ച്പി ;സഹായംതേടി ക്രിസ്ത്യന്‍ പുരോഹിതര്‍ രാഷ്ട്രപതിയെ സമീപിച്ചു

ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണത്തില്‍ ഭീതിയിലായ മധ്യപ്രദേശിലെ ക്രിസ്ത്യന്‍ മതപുരോഹിതര്‍ സംരക്ഷണം തേടി രാഷ്ട്രപതിയെ സമീപിച്ചു.
സംസ്ഥാനത്ത് ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും സംരക്ഷണം നല്‍കാനും അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് ഝാബുവാ പ്രൊട്ടസ്റ്റന്റ് ശാലോം ചര്‍ച്ച് ബിഷപ്പ് പോള്‍ മുനിയ ഇന്ത്യന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദിന് കത്തയച്ചിരിക്കുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ഗവര്‍ണര്‍ മംഗുഭായ് സി പട്ടേലിനും കത്തുകള്‍ അയച്ചിട്ടുണ്ട്.
ഝാബുവാ ജില്ലയിലെ ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ക്കുമെന്ന് വിശ്വ ഹിന്ദു പരിഷത്ത് അംഗങ്ങളെന്ന് അവകാശപ്പെട്ട് എത്തിയവര്‍ ഭീഷണി മുഴക്കിയെന്നും ബിഷപ്പ് പറഞ്ഞു. മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് സംസ്ഥാനത്ത് വ്യാപകമായി ക്രിസ്ത്യന്‍ പുരോഹിതര്‍ക്കെതിരെ അക്രമങ്ങളും ഭീഷണികളും പതിവാണ്. വിഎച്ച്പി, ബജ്‌രംഗ്‌ദള്‍ നേതാക്കള്‍ പരാതി നല്‍കിയെങ്കിലും, നിയമവിരുദ്ധമായി മതപരിവര്‍ത്തനം നടത്തുന്നതായി തങ്ങളുടെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നാണ് ജില്ലാ ഭരണകൂടവും പൊലീസും മറ്റും വ്യക്തമാക്കിയത്.


ഇത് കൂടി വായിക്കൂ: വിദ്യാർത്ഥികളെ വർഗീയഫാസിസ്റ്റുകളാക്കുന്ന സംഘപരിവാർ അജണ്ടകൾ


എന്നിട്ടും പിന്മാറാതെയാണ് മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് ഹിന്ദുത്വ സംഘടനകള്‍ ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ക്കുമെന്ന് ഭീഷണി മുഴക്കുന്നത്.
ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരെ വിഎച്ച്പി, ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നതും പതിവാണെന്ന് ബിഷപ്പ് പോള്‍ മുനിയ രാഷ്ട്രപതിക്കുള്ള കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കിയ നാല് സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. ഉത്തര്‍പ്രദേശ്, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് മു‌സ്‌ലിം, ക്രിസ്ത്യന്‍ മതവിഭാഗങ്ങളെ ലക്ഷ്യമിട്ട് മതപരിവര്‍ത്തനത്തിനെതിരെ ബിജെപി സര്‍ക്കാരുകള്‍ നിയമം കൊണ്ടുവന്നത്. ഈ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്ന് നേരത്തെതന്നെ സാമൂഹ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Eng­lish sum­ma­ry; VHP threat­ens to demol­ish churches

You may also like this video;

Exit mobile version