Site iconSite icon Janayugom Online

ദേശവ്യാപക വിദ്വേഷ പ്രചരണത്തിന് വിഎച്ച്പിയുടെ ‘ഹൈന്ദവ സംഘാരവം’

രാജ്യത്തെ ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കണമെന്ന ദേശവ്യാപക പ്രചരണവുമായി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി). രാജ്യവ്യാപകമായി സംഘടിക്കുന്ന ഉദ്ബോധന യാത്ര ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നിന്ന് ആരംഭിക്കും. ഹൈന്ദവ സംഘാരവം എന്ന പേരിട്ടിരിക്കുന്ന യോഗത്തിലാണ് യാത്രയുടെ ഉദ്ഘാടനം. ക്ഷേത്രങ്ങളുടെ ഭരണച്ചുമതലയുള്ള സംസ്ഥാന സര്‍ക്കാരുകള്‍ ഫണ്ട് വകമാറ്റി ചെലവഴിക്കുന്നതായി നേരത്തെ വിഎച്ച്പി ആരോപണം ഉന്നയിച്ചിരുന്നു. അടുത്തിടെ തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് അടങ്ങിയെന്ന ആരോപണത്തിന് പിന്നാലെ സമാന ആരോപണം ശക്തമാക്കി. ക്ഷേത്രഭരണം ഹിന്ദു ട്രസ്റ്റുകളെ എല്പിക്കണമെന്നാണ് സംഘടനയുടെ നിലപാടെന്ന് വിഎച്ച്പി ജനറല്‍ സെക്രട്ടറി മിലിന്ദ് പരന്ദെ പറഞ്ഞു. 

രാജ്യത്ത് പല പ്രധാന ക്ഷേത്രങ്ങളുടെയും ഭരണം നിയന്ത്രിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ ബ്രാഹ്മണേതര വിഭാഗത്തെ ജീവനക്കാരായി നിയമിക്കുന്ന നടപടിക്കെതിരെയും വിഎച്ച്പി നേരത്തെ രംഗത്ത് വന്നിരുന്നു. ഇതേവാദം ആര്‍എസ്എസും ഉന്നയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ക്ഷേത്ര ഭരണത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാരുകളെ ഒഴിവാക്കാന്‍ സംഘടന ഉദ്ബോധന യാത്രയുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതിന്ന് മുന്നോടിയായി ഡിസംബറിൽ വിഎച്ച്പിയും ബജ്റംഗ്‌ദളും രാജ്യത്തുടനീളം ശൗര്യ റാലികൾ സംഘടിപ്പിച്ചിരുന്നു. ഇത്തരം ഘോഷയാത്രകള്‍ പലപ്പോഴും മുസ്ലിം വിരുദ്ധ വികാരം പ്രചരിപ്പിക്കാനും സമുദായ ധ്രുവീകരണത്തിനുമുള്ള വേദിയായി മാറിയിരുന്നു. ഡിസംബറിൽ ഉത്തർപ്രദേശിൽ ഒമ്പത് ശൗര്യയാത്രകൾ നടന്നതായാണ് കണക്കുകള്‍. മധ്യപ്രദേശ് ആറ്, ഉത്തരാഖണ്ഡ് മൂന്ന്, ബിഹാർ, ഹരിയാന, ഒഡിഷ, അസം, ഗോവ, രാജസ്ഥാൻ, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ഓരോന്നു വീതവും റാലികള്‍ നടത്തി.

ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ അക്രമാസക്തമായ ആഹ്വാനങ്ങള്‍ നിറഞ്ഞതായിരുന്നു ശൗര്യ യാത്രകളെന്ന് വിവിധ അവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടി. ഇൻഡോർ, മന്ദ്‌സൗർ, സീതാപൂർ, മഥുര തുടങ്ങിയ നഗരങ്ങളിലെ മതപ്രസംഗങ്ങള്‍ സാമുദായിക അശാന്തി പ്രോത്സാഹിപ്പിക്കുന്നതായിരുന്നു. ബിഹാറിലെ സമഷ്ടിപൂര്‍, ഹരിയാനയിലെ അംബാല, ഉത്തരാഖണ്ഡിലെ ബസ്‌പുര്‍, രുദ്രപൂർ, ഗോവയിലെ കുർചോറം, യുപി മഥുരയിലെ ബര്‍സാന തുടങ്ങിയ ചെറുപട്ടണങ്ങളിൽ നടന്ന റാലികളിലും വിദ്വേഷ മുദ്രാവാക്യങ്ങള്‍ മുഴങ്ങി. ബിജെപിയുടെ ജനപ്രതിനിധികളടക്കം റാലികളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു. ചരിത്രപരമായ അക്രമങ്ങളെ മഹത്വവല്‍ക്കരിക്കുകയും മുസ്ലിങ്ങളെക്കുറിച്ച് അടിസ്ഥാനരഹിതമായ ഭയം പ്രചരിപ്പിക്കുകയും ചെയ്യുന്നതിനുള്ള വിഎച്ച്പി ശ്രമങ്ങളെ ഭരണകൂടം തടഞ്ഞില്ലെന്നും ആരോപണമുണ്ട്. ക്രമസമാധാനം ഉയർത്തിപ്പിടിക്കാൻ ചുമതലപ്പെട്ട പൊലീസ് അധികാരികൾ റാലികളിലെ പ്രകോപനപരമായ ആഹ്വാനങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുകയും അവര്‍ക്ക് സൗകര്യമൊരുക്കുകയും ചെയ്യുന്നു. പലപ്പോഴും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തന്നെ ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നതായും വിവിധ സംഘടനകള്‍ ചൂണ്ടിക്കാട്ടി. 

Exit mobile version