Site iconSite icon Janayugom Online

വയനാട്ടില്‍ ഭൂമിക്കടിയില്‍ പ്രകമ്പനം; ആളുകളെ ഒഴിപ്പിക്കുന്നു

വയനാട്ടില്‍ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങി. ഇന്ന് രാവിലെ 10.11നാണ് സംഭവം. അമ്പലവയല്‍ വില്ലേജിലെ ആര്‍.എ.ആര്‍.എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി ജില്ലാ അടിയന്തകാര്യ നിര്‍വഹണ വിഭാഗം അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭൂചലനം അനുഭവപ്പെട്ട പ്രദേശങ്ങളിലുള്ളവരോട് താത്കാലികമായി ഒഴിഞ്ഞുപോകാനും അധികൃതര്‍ നിര്‍ദേശിച്ചു. വിവരം അറിഞ്ഞ് റവന്യൂ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. 

മുഴക്കം കേട്ട പ്രദേശത്തെ സ്കൂളുകൾക്ക് അവധി നൽകി. മുഴക്കം കേട്ടതായി നാട്ടുകാര്‍ അധികൃതരെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഴക്കം കേട്ട പ്രദേശങ്ങളിലുള്ളവരോട് ഒഴിഞ്ഞുപോകാന്‍ തഹസില്‍ദാര്‍ നിര്‍ദേശിച്ചു. പ്രദേശങ്ങലിലെ ആളുകളെ സുരക്ഷിതമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചതായി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. 

Eng­lish Sum­ma­ry: Vibra­tion under­ground in Wayanad; Evac­u­at­ing people
You may also like this video

Exit mobile version