ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മഹാരാഷ്ട്ര ഗവര്‍ണര്‍ സി പി രാധാകൃഷ്ണനും ഇന്ത്യ സഖ്യം സ്ഥാനാര്‍ത്ഥിയായി സുപ്രീം കോടതി മുന്‍ ജഡ്ജി ബി സുദര്‍ശന്‍ റെഡ്ഡിയുമാണ് മത്സര രംഗത്തുള്ളത്. അംഗബലമനുസരിച്ച് വിജയിക്കാന്‍ വേണ്ട ഭൂരിപക്ഷം എന്‍ഡിഎയ്ക്ക് ഉണ്ടെങ്കിലും ക്രോസ് വോട്ടിങ്ങിന്റെ സാധ്യതകളാണ് ഫലം നിര്‍ണയിക്കുക. കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പില്‍ ജഗ്‌ദീപ് ധന്‍ഖര്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചത് എന്‍ഡിഎ പിന്തുണയ്ക്കപ്പുറം പാര്‍ട്ടി നിലപാടുകള്‍ മറികടന്ന് നടന്ന ക്രോസ് വോട്ടിങ്ങിലൂടെയാണ്.
പാര്‍ട്ടി നിലപാടുകള്‍ക്ക് അപ്പുറം ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ രഹസ്യ ബാലറ്റില്‍ തങ്ങള്‍ക്ക് സ്വീകാര്യനായ സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യാന്‍ എംപിമാര്‍ക്ക് അവകാശമുണ്ട്. രാജ്യസഭയിലെയും ലോക്‌സഭയിലെയും എംപിമാരാണ് വോട്ടര്‍മാര്‍. രാജ്യസഭയിലെ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്കും വോട്ടവകാശമുണ്ട്. രാജ്യസഭയില്‍ 239 അംഗങ്ങളും ലോക്‌സഭയില്‍ 542 അംഗങ്ങളുമാണ് നിലവിലുള്ളത്. ഇവരാണ് പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുക. ബിജെഡിയും ബിആര്‍എസും തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ 770 എംപിമാരാണ് വോട്ട് രേഖപ്പെടുത്തുക. കണക്കുകള്‍ പ്രകാരം വിജയിക്കാന്‍ വേണ്ട ഭൂരിപക്ഷം 386 ആണ്. എന്‍ഡിഎയ്ക്ക് 425 എംപിമാരുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ 11 എംപിമാരും എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

