എവേ പോരാട്ടത്തില്‍ ജയിച്ചുകയറി യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണയുടെ കുതിപ്പ്. ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെതിരായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്സയുടെ വിജയം. ബാഴ്സയ്ക്കായി ഫെറാന്‍ ടോറസ് ഇരട്ടഗോളുകളുമായി തിളങ്ങി. ബൊറൂസിയയ്ക്കായി സെർഹു ഗുരാസി (60, 78) ഇരട്ട ഗോളുകൾ നേടി.
മത്സരത്തിലെ അഞ്ച് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. അടിയും തിരിച്ചടിയുമായി ഏറെ ആവേശം നിറഞ്ഞതായിരുന്നു മത്സരം. 52-ാം മിനിറ്റിൽ റാഫിഞ്ഞയിലൂടെ ബാഴ്സയാണ് ഗോളിന് തുടക്കമിട്ടത്. എന്നാല്‍ പിന്നാലെ ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ മറുപടി എത്തി. 60-ാം മിനിറ്റിലായിരുന്നു സമനില. 75-ാം മിനിറ്റിൽ ഫെറൻ ടോറസ് ബാഴ്സയ്ക്ക് ലീഡ് നൽകിയെങ്കിലും ഗ്വരാസി ഡോർട്ട്മുണ്ടിനായി സമനില ഗോൾ നേടി. ഒടുവിൽ 85-ാം മിനിറ്റിൽ ഫെറൻ ടോറസ് നേടിയ രണ്ടാം ഗോളിന്റെ ബലത്തിലാണ് ബാഴ്സ വിജയരഥമേറിയത്. ആറ് മത്സരങ്ങളിൽ 15 പോയിന്റുള്ള ബാഴ്സ പോയന്റ് പട്ടികയിൽ രണ്ടാമതാണ്. ആറിൽ ആറും ജയിച്ച ലിവർപൂളാണ് ഒന്നാമത്.
മറ്റൊരു മത്സരത്തിൽ യുവന്റസ് മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു തോല്പിച്ചു. ഡുസാൻ വ്ലാഹോവിച് (53), വെസ്റ്റൻ മകെന്നി (75) എന്നിവരാണ് യുവന്റസിന്റെ ഗോൾ സ്കോറർമാർ. ചാമ്പ്യൻസ് ലീഗിൽ ആറ് മത്സരങ്ങളിൽ എട്ട് പോയിന്റോടെ സിറ്റി നിലവിൽ 22-ാം സ്ഥാനത്താണ്. പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലുമായി കളിച്ച അവസാനത്തെ പത്ത് മത്സരങ്ങളിൽ നിന്നും സിറ്റിയുടെ ഏഴാം തോൽവിയാണിത്.
സ്പാനിഷ് കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡും ജയിച്ചു കയറി. സ്ലോവന്‍ ബ്രാറ്റിസ്ലാവയെ അവരുടെ സ്വന്തം തട്ടകത്തില്‍ 3–1നു പരാജയപ്പെടുത്തി. അന്റോയിന്‍ ഗ്രീസ്മാന്‍ ഇരട്ട ഗോളുകള്‍ നേടി.
മൊണോക്കൊയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ആഴ്സണല്‍ പരാജയപ്പെടുത്തി. 34, 78 മിനിറ്റുകളില്‍ ബുകായോ സാക്ക ഇരട്ടഗോളുകള്‍ നേടി. 88-ാം മിനിറ്റില്‍ കായ് ഹാവര്‍ട്സാണ് മറ്റൊരു സ്കോറര്‍. എസി മിലാന്‍ 2–1നു ക്രവേന സ്വസ്ദയെ വീഴ്ത്തി. 42-ാം മിനിറ്റില്‍ റാഫേല്‍ ലിയാവോ, 87ല്‍ ടാമി എബ്രഹാം എന്നിവര്‍ മിലാനായി ഗോളുകള്‍ നേടി. 67-ാം മിനിറ്റില്‍ റഡോന്‍ജിക്കിലൂടെ സ്വസ്ദ സമനില പിടിച്ചെങ്കിലും ടാമിയുടെ ഗോള്‍ ഫലം നിര്‍ണയിച്ചു.