Site iconSite icon Janayugom Online

അയർലണ്ടിൽ ഇടതുപക്ഷത്തിന് വിജയം; കാതറിൻ കോണോലി പ്രസിഡന്റാവും

അയര്‍ലന്‍ഡില്‍ ഇടതുപക്ഷക്കാരിയായ നിയമസഭാംഗം കാതറിന്‍ കോണോലി അടുത്ത പ്രസിഡന്റാകും. ശനിയാഴ്ച അവര്‍ അടുത്ത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായതായി ദേശിയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. അയർലൻഡ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയാണ് പത്താമത് പ്രസിഡണ്ടായി കാതറിൻ തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യഘട്ട വോട്ടണ്ണലില്‍ കോണോലിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്.

കോണോലിയുടെ വിജയം ഉറപ്പാണെന്ന് വിദ്യാഭ്യാസമന്ത്രി ഹെലന്‍ മക്കന്റീയും സൂചന നല്‍കി. ഫൈന്‍ ഗേല്‍ പാര്‍ട്ടി സ്ഥാനാർത്ഥിയായ ഹെതര്‍ ഹംഫ്രീസ് മാത്രമാണ് മത്സരരംഗത്ത് ശേഷിക്കുന്ന ഏക എതിരാളി. ഗോൾവേ സൗത്തിൽ നിന്നുള്ള പാർലമെന്റ് അംഗമായിരുന്നു കൊണോലി. നേരത്തെ ലേബർ പാർട്ടി പ്രതിനിധിയായും ഗോൾവേ മേയർ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഷിൻ ഫൈൻ, ലേബർ പാർടി, സോഷ്യലിസ്റ്റ് പാർടി, വർക്കേഴ്സ് പാർടി, സോഷ്യൽ ഡെമോക്രാറ്റ്, കമ്യൂണിസ്റ്റ് പാർടി ഓഫ് അയർലൻഡ്, പീപ്പിൾ ബിഫോർ പ്രോഫിറ്റ് ഉൾപ്പെടെയുള്ള ഇടതുപക്ഷ കക്ഷികളുടെയും ഗ്രീൻ പാർടിയുടേയും പിന്തുണയോടെയാണ് കാതറിൻ മത്സരിച്ചത്.

Exit mobile version