Site icon Janayugom Online

കര്‍ഷക സമരം: നാളെ സംസ്ഥാനത്ത് വിജയാഹ്ലാദപ്രകടനം

രാജ്യത്തെ കര്‍ഷകരെ മുഴുവന്‍ കോര്‍പറേറ്റുകള്‍ക്ക് അടിയറവു വയ്ക്കുന്ന കരിനിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിപ്പിക്കാന്‍ കഴിഞ്ഞ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ചരിത്ര സമരവിജയം ആഘോഷിക്കാന്‍ നാളെ (ശനി) സംസ്ഥാനത്ത് ആഹ്ലാദപ്രകടനങ്ങള്‍ നടക്കും. എല്ലാ വില്ലേജ് കേന്ദ്രങ്ങളിലും വൈകീട്ടാണ് പ്രകടനങ്ങള്‍ നടക്കുകയെന്ന് സംയുക്ത കര്‍ഷക സമിതി സംസ്ഥാന കമ്മിറ്റി ചെയര്‍മാന്‍ സത്യന്‍ മൊകേരിയും കണ്‍വീനര്‍ വത്സന്‍ പനോളിയും അറിയിച്ചു.

എല്ലാ കരിനിയമങ്ങളും പിന്‍വലിക്കുന്നതിനൊപ്പം സമരരംഗത്ത് ജീവന്‍ വെടിഞ്ഞ എല്ലാ കര്‍ഷകരുടെയും ആശ്രിതര്‍ക്ക് ധനസഹായം നല്‍കുമെന്നും സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും പിന്‍വലിക്കുമെന്നും എഴുതി നല്‍കീട്ടുണ്ട്. മിനിമം താങ്ങുവില നിശ്ചയിക്കുന്ന സമിതിയില്‍‍ കര്‍ഷകനേതാക്കളെ ഉള്‍പ്പെടുത്തുമെന്നും കേന്ദ്രമന്ത്രി ഔദ്യോഗിക ലെറ്റര്‍പാഡില്‍ രേഖാമൂലം എഴുതി നല്‍കിയതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഒരു വര്‍ഷമായി നടന്നുവന്ന കര്‍ഷക സമരം അവസാനിപ്പിച്ചിരിക്കുന്നത്. 

കോര്‍പറേറ്റുകള്‍ക്ക് വേണ്ടിമാത്രം ഭരണം നടത്തുന്ന ബിജെപി സര്‍ക്കാര്‍ കര്‍ഷകരോടുള്ള താല്പര്യം മുന്‍നിര്‍ത്തിയല്ല ഈ സമരത്തിനുമുന്നില്‍ മുട്ടുമടക്കിയതെന്ന് സംസ്ഥാന നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. കര്‍ഷകസമരം ആരംഭിച്ചശേഷം രാജ്യത്താകമാനം ജനവികാരം അവര്‍ക്കെതിരാവുകയും അടുത്തുനടന്ന ഉപതെരഞ്ഞെടുപ്പുകളിലടക്കം ബിജെപി പരാജയമടയുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ കര്‍ഷകര്‍ക്കുമുന്നില്‍ അടിയറവുപറഞ്ഞിരിക്കുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിക്കുന്ന ഭാവിപരിപാടികള്‍ സംസ്ഥാനത്ത് സംഘടിപ്പിക്കുന്നതിനുള്ള പിന്തുണ നേതാക്കള്‍ ആവശ്യപ്പെട്ടു.
Eng­lish sum­ma­ry; Vic­to­ry march in the state tomor­row about his­toric vic­to­ry of the Samyuk­ta Kisan Morcha
you may also like this video;

Exit mobile version