Site iconSite icon Janayugom Online

കൈക്കൂലി വാങ്ങവേ വില്ലേജ് അസിസ്റ്റന്റും ഫീൽഡ് അസിസ്റ്റന്റും വിജിലൻസ് പിടിയിൽ

VoVo

കൈക്കൂലി വാങ്ങവേ വില്ലേജ് അസിസ്റ്റന്റും വില്ലേജ് ഫീൽഡ് അസിസ്റ്റന്റും വിജിലൻസ് പിടിയിൽ. പുന്നപ്ര വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് വിനോദും വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അശോകനുമാണ് കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിലായത്. പുന്നപ്ര സ്വദേശിയായ പരാതിക്കാരന്റെ പേരിലുള്ള വസ്തു തരം മാറ്റുന്നതിന് കഴിഞ്ഞ വർഷം ആഗസ്റ്റ് മാസം പുന്നപ്ര വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച വസ്തു അളക്കുന്നതിന് വില്ലേജ് അസിസ്റ്റന്റ് വിനോദും വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അശോകനും സ്ഥലത്ത് എത്തുകയും ഫയൽ റവന്യു ഡിവിഷണൽ ഓഫീസിൽ അയക്കണമെങ്കിൽ 5,000 രുപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് പരാതിക്കാരൻ വിവരം വിജിലൻസ് കിഴക്കൻ മേഖല പോലീസ് സൂപ്രണ്ട് വി ജി വിനോദ് കുമാറിനെ അറിയിച്ചു. 

അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴ വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി, ഇന്നലെ പകല്‍ 3.20 ഓടെ പുന്നപ്ര വില്ലേജ് ഓഫീസിന് മുന്നിൽ വെച്ച് വില്ലേജ് അസിസ്റ്റന്റ് വിനോദിന്റെ നിർദ്ദേശപ്രകാരം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അശോകൻ പരാതിക്കാരനിൽ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങവെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും. വിജിലൻസ് സംഘത്തിൽ ഇൻസ്പെക്ടർമാരായ പ്രശാന്ത് കുമാർ എം കെ,രാജേഷ് കുമാർ ആർ, ജിംസ്റ്റെൽ, സബ് ഇൻസ്പെക്ടർ വസന്ത്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജയലാൽ, സിവിൽ പോലീസ് ഓഫിസർമാരായ ശ്യാംകുമാർ, രഞ്ചിത്ത്, സനൽ, ലിജു, സുദീപ്, സുരേഷ്, റോമിയോ, അനീഷ്, മായ, നീതു, മധു കുട്ടൻ, നിതിൻ മാർഷൽ, സനീഷ്, വിമൽ എന്നിവരുമുണ്ടായിരുന്നു. 

Eng­lish Sum­ma­ry: Vig­i­lance arrests vil­lage assis­tant and field assis­tant for tak­ing bribe

You may also like this video

Exit mobile version