Site iconSite icon Janayugom Online

കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസിനും കേസെടുക്കാം

അഴിമതി നിരോധന നിയമ പ്രകാരം കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാന വിജിലൻസിന് കേസ് എടുക്കാമെന്ന് ഹൈക്കോടതി. കേന്ദ്ര ഏജൻസിയായ സിബിഐക്ക് മാത്രമേ അന്വേഷണത്തിന് അധികാരമുള്ളൂവെന്ന വാദം തെറ്റാണെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന വിജിലൻസ് മാനുവൽ കേസ് അന്വേഷണത്തിനുള്ള മാർഗ നിർദേശം മാത്രമാണെന്നും നിയമത്തിന് വിരുദ്ധമായ പരാമർശം മാനുവലിൽ പാടില്ലെന്നും സിംഗിൾ ബഞ്ച് ഉത്തരവിലുണ്ട്. തലയോലപ്പറമ്പ് പഞ്ചായത്തിലെ ഭവന നിർമ്മാണ അഴിമതിയിൽ പ്രതിയായ ബാങ്ക് ഉദ്യോഗസ്ഥരെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയ കോട്ടയം വിജിലൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സർക്കാർ അപ്പീലിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.

കേന്ദ്ര സർക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥർ അഴിമതി നടത്തിയാൽ കേസ് എടുക്കാൻ വിജിലൻസ് മാനുവലിൽ പറയുന്നില്ലെന്നും സിബിഐയെ അറിയിക്കുകയാണ് വേണ്ടതെന്നും വ്യക്തമാക്കിയായിരുന്നു വിചാരണ കോടതി പ്രതികളെ ഒഴിവാക്കിയത്. എന്നാൽ വിജിലൻസ് മാനുവൽ കേസ് അന്വേഷണത്തിനുള്ള മാർഗരേഖ മാത്രമാണെന്നും നിയമത്തിന് വിരുദ്ധമായ പരാമർശം മാനുവലിൽ പാടില്ലെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി. സംസ്ഥാന പരിധിയിൽ ജോലി ചെയ്യുന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ അഴിമതി നടത്തിയാൽ അഴിമതി നിരോധന നിയമ പ്രകാരവും അതുമായി ബന്ധപ്പെട്ട ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരവും വിജിലൻസിന് കേസ് എടുക്കാനും അന്വേഷണം നടത്തി കുറ്റപത്രം നൽകാനും കഴിയുമെന്ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടു.

ഇതുമായി ബന്ധപ്പെട്ട് 2016ൽ കേരള ഹൈക്കോടതിയുടെ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നും പുതിയ ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കി. തലയോലപ്പറമ്പ് അഴിമതിക്കേസിൽ രണ്ട് മുതൽ നാല് വരെയുള്ള പ്രതികളെ ഒഴിവാക്കിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. പ്രതികളോട് വിചാരണ നേരിടാനും ഹൈക്കോടതി നിർദേശിച്ചു. ഗ്രാമസേവികയുമായി ചേർന്ന് നോർത്ത് മലബാർ ഗ്രാമീൺ ബാങ്കിലെ മൂന്ന് ഉദ്യോഗസ്ഥർ 1.85 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് വിജിലൻസ് അഴിമതി നിരോധന നിയമ പ്രകാരം ഉദ്യോഗസ്ഥരെ പ്രതിയാക്കിയത്.

Eng­lish Sum­ma­ry: Vig­i­lance can also file a case against cen­tral gov­ern­ment officials
You may also like this video

Exit mobile version