Site iconSite icon Janayugom Online

മാത്യു കുഴല്‍നാടനെതിരെ വിജിലന്‍സ് അന്വേഷണം

ചിന്നക്കനാലിലെ അനധികൃത ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് അനുമതി.
ബിനാമി ഇടപാടിലൂടെ ആറുകോടിയോളം രൂപ വിലമതിക്കുന്ന ഭൂമിയും ആഡംബര റിസോർട്ടും സ്വന്തമാക്കിയെന്ന കേസിലാണ് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നൽകിയത്. 1988ലെ അഴിമതി നിരോധന നിയമത്തിലെ 17ാം വകുപ്പ് അനുസരിച്ചാണ് അന്വേഷണം.
മൂന്നാർ ദേവികുളം വില്ലേജിൽ ചിന്നക്കനാലിലാണ്‌ ഭൂമിയും ആഡംബര റിസോർട്ടും. 3.50 കോടി വിലയുണ്ടെന്ന് മാത്യു കുഴൽനാടൻ തന്നെ സാക്ഷ്യപ്പെടുത്തുന്ന വസ്‌തുവകകളാണ്‌ 1,92,60,000 രൂപയ്ക്ക് കുഴൽനാടന്റെയും കൂട്ടു കക്ഷികളുടെയും പേരിൽ രജിസ്റ്റർ ചെയ്‌തത്‌.
സ്ഥലപരിശോധനപോലും നടത്താതെ ഇടുക്കി രാജകുമാരി സബ് രജിസ്ട്രാർ ഈ തുകയ്‌ക്കുമാത്രമായി 15,40,800 രൂപ മുദ്രവില ചുമത്തി രജിസ്‌ട്രേഷനും നടത്തിക്കൊടുത്തു. ഇതിലൂടെ യഥാർത്ഥ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസുമായി വൻതുകയും തട്ടിച്ചു. വസ്‌തുവിനും വമ്പൻ കെട്ടിടത്തിനുമായി ആറുകോടിയോളം രൂപയുടെ വിപണി മൂല്യമുണ്ട്‌. കൊല്ലം ശക്തികുളങ്ങര കാവനാട്‌ മീനത്തുചേരി കപ്പിത്താൻസ്‌ മാനറിൽ ജന്നിഫർ അൽഫോൻസിൽനിന്ന്‌ മാത്യു കുഴൽനാടൻ, പത്തനംതിട്ട അങ്ങാടി കാവുങ്കൽ വീട്ടിൽ ടോം സാബു, ടോണി സാബു എന്നിവരുടെ പേർക്കാണ്‌ ആധാരം തീറാക്കിയത്‌.

Eng­lish sum­ma­ry; Vig­i­lance inves­ti­ga­tion against Math­ew Kuzhalnadan

you may also like this video;

Exit mobile version