ചിന്നക്കനാൽ ഭൂമിയിടപാട് കേസിൽ മാത്യു കുഴൽനാടൻ എംഎൽഎയെ വിജിലൻസിന്റെ തൊടുപുഴ മുട്ടം ഓഫിസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. എംഎൽഎ 50 സെന്റ് മിച്ചഭൂമി കൈയേറിയിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്നാണ് വിവരം. പുറമ്പോക്ക് ഭൂമി കൈയ്യേറി മതില്‍ നിർമ്മിച്ചു. ഭൂമി രജിസ്റ്റർ ചെയ്തതിലും ക്രമക്കേടുണ്ട്. 1000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടം രജിസ്‌ട്രേഷൻ സമയത്ത് മറച്ചുവച്ചതായും ഇതിലൂടെ നികുതി വെട്ടിപ്പ് നടന്നതായും കണ്ടെത്തിയതായാണ് സൂചന. വിജിലൻസ് ഡിവൈഎസ്‌പി ഷാജു ജോസിന്റെ നേതൃത്വത്തിലായിരുന്നു മൂന്നുമണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ.
മിച്ചഭൂമി കേസിൽ ഉൾപ്പെട്ട ഭൂമി എങ്ങനെയാണ് കൈമാറ്റം ചെയ്യപ്പെട്ടതെന്ന് വ്യക്തമല്ല. രജിസ്‌ട്രേഷൻ നടത്താൻ പാടില്ലാത്ത ഭൂമിയാണിതെന്ന് വിജിലൻസ് അധികൃതർ പറഞ്ഞു. എന്നാല്‍ അന്ന് ലഭ്യമായിരുന്ന എല്ലാ രേഖകളും പരിശോധിച്ച് ബോധ്യപ്പെട്ട ശേഷമാണ് ഇടപാട് നടത്തിയതെന്ന് ചോദ്യങ്ങൾക്ക് മറുപടി നൽകിയതായി കുഴൽനാടൻ മാധ്യമങ്ങളോട് പറഞ്ഞു. 50 സെന്റ് ഭൂമി അധികമായി വന്നത് എങ്ങനെയെന്നറിയില്ലെന്നും തന്നയാൾ സ്ഥാപിച്ചിരുന്ന അതിരുകൾ തന്നെയാണ് ഇപ്പോഴുള്ളതെന്നുമായിരുന്നു മറുപടി.
ഉപയോഗയോഗ്യമല്ലാത്ത അവസ്ഥയിലായിരുന്നു കെട്ടിടം. ഇടപാടില്‍ ഈ കെട്ടിടത്തിന് പ്രത്യേകം മൂല്യം കൂട്ടിയിട്ടില്ലാത്തതിനാലാണ് ആധാരത്തിൽ കാണിക്കാത്തതെന്നും എംഎൽഎ പറഞ്ഞു. എന്നാൽ ഇത് പഴയ കെട്ടിടമല്ലെന്നും പൂർത്തിയാകാത്ത പുതിയ കെട്ടിടമാണെന്നും വിജിലൻസ് അധികൃതർ പറയുന്നു.
English Summary: Vigilance questioned Mathew Kuzhalnadan
You may also like this video