അഴിമതിക്കാരെ കുടുക്കാന്‍ മിന്നല്‍പരിശോധനകളുമായി വിജിലന്‍സ്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് നടത്തിയ വിവിധ മിന്നല്‍പരിശോധകള്‍ വെട്ടിപ്പ് നടത്തിയ നിരവധി പേരാണ് കുരുക്കിലായത്. കഴിഞ്ഞ വർഷം വിജിലൻസ് സംസ്ഥാനത്തുടനീളം നടത്തിയ 930 മിന്നൽ പരിശോധനകളില്‍ നിന്നും എട്ടുകോടിയോളം രൂപയാണ് പിഴയിനത്തിൽ ഈടാക്കിയത്. 2024 ജനുവരി മുതൽ നവംബർ വരെയുള്ള കണക്കുപ്രകാരം 7,83,68,238 രൂപയാണ് ഈടാക്കിയത്. ഡിസംബറിലേതു കൂടി കണക്കാക്കുമ്പോൾ ഇത് എട്ടുകോടിയും കവിയും. സംസ്ഥാന വ്യാപകമായി ഒരേസമയം നടത്തുന്ന ആറു സംസ്ഥാനതല മിന്നൽ പരിശോധനകളാണു കഴിഞ്ഞവർഷം നടത്തിയത്. റവന്യു വകുപ്പിൽ ഓപ്പറേഷൻ സുതാര്യത, ഓപ്പറേഷൻ കൺവെർഷൻ, ഓപ്പറേഷൻ വിസ്ഫോടൻ എന്നീ പേരുകളിലും മോട്ടോർ വാഹന വകുപ്പിൽ ഓപ്പറേഷൻ ഓവർലോഡ് 3, ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഓപ്പറേഷൻ അപ്പിറ്റൈറ്റ്, ആരോഗ്യ വകുപ്പിൽ ഓപ്പറേഷൻ പ്രൈവറ്റ് പ്രാക്ടീസ് എന്നീപേരുകളിലുമായിരുന്നു മിന്നൽ പരിശോധനകൾ.
മുൻ കാലങ്ങളിൽ വില്ലേജ് ഓഫീസുകളിൽനിന്നു മറ്റും പിടികൂടുന്ന കൈക്കൂലിക്കേസുകൾ നൂറ്, അഞ്ഞൂറ് തുടങ്ങി ചെറിയ തുകകളായിരുന്നെങ്കില്‍ ഇന്നത് ലക്ഷങ്ങളായി മാറി. ഇടുക്കി ഡിഎം ഏജന്റുവഴി ഗൂഗിൾ പേയിലൂടെ ഒരുലക്ഷം രൂപ വാങ്ങിയതു വിജിലൻസിനെപ്പോലും ഞെട്ടിപ്പിച്ച കേസാണ്.
വിജിലൻസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ജിഎസ്ടി വകുപ്പിനു ലഭിച്ച 11,37,299 രൂപയും മോട്ടോര്‍ വാഹന വകുപ്പിനു ലഭിച്ച 1,00,53,800 രൂപയും മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിനു ലഭിച്ച 6,71,77,139 ലഭിച്ച രൂപയും ഇതിൽ ഉൾപ്പെടും. കൂടാതെ 120 വിജിലൻസ് കേസുകളും 81 വിജിലൻസ് അന്വേഷണങ്ങളും 326 പ്രാഥമിക അന്വേഷണങ്ങളും 28 രഹസ്യാന്വേഷണങ്ങളും വിജിലൻസ് നടത്തി.
ഡിജിറ്റൽ പണമിടപാടുകളിൽകൂടിയും കാഷ് ഡെപ്പോസിറ്റ് മെഷീനുകളിൽ പണം നിക്ഷേപിച്ചുമെല്ലാമാണു അഴിമതിക്കാർ കൈക്കൂലി ഇടപാടുകൾ നടത്തിയിരുന്നത്. സംസ്ഥാനമൊട്ടാകെ അഴിമതിക്കാർ വാങ്ങുന്ന തുകയിലും വൻവർധവുണ്ടായതായാണ് വിജിലൻസിന്റെ നിരീക്ഷണം. അഴിമതി സംബന്ധിച്ച വിവരങ്ങൾ ഉടന്‍ വിജിലന്‍സിനെ അറിയാവുന്നതാണ്. ഇതിനായി പൊതുജനങ്ങള്‍ക്ക് ടോൾ ഫ്രീ നമ്പരായ 1064നു പുറമെ 8592900900, വാട്സാപ്പ് നമ്പറായ 9447789100 എന്നിവയും പ്രയോജനപ്പെടുത്താം.