തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്, നടി തൃഷയ്ക്കൊപ്പം ചെന്നൈയിൽ നടന്ന ഒരു വിവാഹ റിസപ്ഷനിൽ പങ്കെടുത്തത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. എജിഎസ് എന്റർടൈൻമെന്റ് നിർമ്മാതാക്കളായ കൽപ്പാത്തി സുരേഷിന്റെയും മീനാക്ഷി സുരേഷിന്റെയും മകന്റെ വിവാഹ സൽക്കാരത്തിലാണ് ഇരുവരും ഒരുമിച്ചെത്തിയത്. വിജയിന്റെ ഭാര്യ സംഗീത സ്വർണ്ണലിംഗം വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്ന വാർത്തകൾ പുറത്തുവന്ന് ആഴ്ചകൾക്കുള്ളിലാണ് ഈ പൊതുവേദിയിലെ സന്ദർശനം.
ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും ചടങ്ങിനെത്തിയത്. വിജയ് സ്വർണ്ണ നിറത്തിലുള്ള പട്ടുഷർട്ടും മുണ്ടും ധരിച്ചപ്പോൾ, തൃഷ വെള്ളയും സ്വർണ്ണവും ചേർന്ന പട്ടുസാരിയിലാണ് എത്തിയത്. ഇരുവരും ഒരേ കാറിൽ വന്നിറങ്ങുന്നതിന്റെയും നവദമ്പതികൾക്കൊപ്പം പോസ് ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ പിആർഒ നികിൽ മുരുകൻ പങ്കുവെച്ചിട്ടുണ്ട്.
വിജയിന്റെ വ്യക്തിജീവിതം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുന്ന സമയമാണിത്. വിജയിന് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സംഗീത വിവാഹമോചന ഹർജി നൽകിയിരിക്കുന്നത്. 2026ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, തൃഷയ്ക്കൊപ്പം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട വിജയിന്റെ നടപടിയെ ഒരു രാഷ്ട്രീയ പ്രസ്താവനയായാണ് പലരും വിലയിരുത്തുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി തമിഴ് സിനിമയിലെ ജനപ്രിയ ജോഡികളായ വിജയിയും തൃഷയും ‘ലിയോ’ എന്ന ചിത്രത്തിലാണ് അവസാനമായി ഒന്നിച്ചഭിനയിച്ചത്.

