യുവനടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ, പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ‍്‍ചത്തേക്ക് മാറ്റി. വിജയ് ബാബുവിന്റെ അറസ്റ്റിന് നൽകിയ സംരക്ഷണവും തിങ്കളാഴ്ച വരെ തുടരുമെന്ന് കോടതി വ്യക്തമാക്കി.
യുവനടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിലും അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ കേസിലുമാണ് വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഈ രണ്ടു കേസുകളിലും വിജയ് ബാബുവിന്റെ അറസ്റ്റ് കോടതി ഇന്നുവരെ തടഞ്ഞിരുന്നു.
വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്യണമെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇതിനെ എതിർത്ത വിജയ് ബാബു കോടതി നിർദേശിച്ച പ്രകാരം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
പീഡനക്കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതിന് പിന്നാലെ പരാതിക്കാരിയുടെ പേര് സാമൂഹിക മാധ്യമത്തിലൂടെ വെളിപ്പെടുത്തിയതോടെയാണ് വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസെടുത്തത്.
ഉഭയസമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെതെന്നും ബ്ലാക്ക‍്മെയിലിംഗിന്റെ ഭാഗമായുള്ള പരാതിയാണെന്നുമാണ് വിജയ് ബാബുവിന്റെ വാദം. സിനിമയിൽ അവസര൦ നിഷേധിച്ചതാണ് പരാതിക്ക് പിന്നിലെന്നും വിജയ് ബാബു ആരോപിച്ചിരുന്നു.
കേസെടുത്തതിന് പിന്നാലെ, ദുബായിലേക്ക് കടന്ന വിജയ് ബാബു ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് കൊച്ചിയിൽ തിരിച്ചെത്തിയത്. തുടര്‍ന്ന് അന്വേഷണ സംഘം പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.
English summary; Vijay Babu’s anticipatory bail has been postponed to Monday
You may also like this video;