Site iconSite icon Janayugom Online

എംകെ സ്റ്റാലിനെ വെല്ലുവിളിച്ച് ചോദ്യങ്ങളുമായി വിജയ്, ; ‘ഉടൻ തന്നെ കരൂരിലെത്തും’

കരൂര്‍ ദുരന്തത്തിനുശേഷം വീഡിയോ സന്ദേശത്തിലൂടെ ആദ്യ പ്രതികരണവുമായി ടിവികെ അധ്യക്ഷൻ വിജയ്. ഇത്രയേറെ വേദന ഒരിക്കലും അനുഭവിച്ചിട്ടില്ലെന്നും മനസിൽ വേദന മാത്രമാണുള്ളതെന്നും വീഡിയോ സന്ദേശത്തിൽ വിജയ് പറഞ്ഞു. കരൂര്‍ ദുരന്തത്തിനുശേഷം സാമൂഹിക മാധ്യമത്തിലൂടെ പ്രസ്താവനയിറക്കിയ വിജയ് ആദ്യമായാണ് പ്രതികരിക്കുന്നത്. കരൂര്‍ ദുരന്തത്തിൽ ഗൂഢാലോചന സംശയിക്കുന്ന ചോദ്യങ്ങളുമായുള്ള വീഡിയോ സന്ദേശത്തിൽ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെയും വിജയ് വെല്ലുവിളിച്ചു. സിഎം സാര്‍ തന്നോട് എന്തും ആയിക്കോളുവെന്നും ഇങ്ങനെ വേണമായിരുന്നോ പക വീട്ടൽ എന്നും വിജയ് തുറന്നടിച്ചു. തന്നോടുള്ള സ്നേഹം കൊണ്ടാണ് ആളുകള്‍ കാണാനെത്തിയത്. ആ സ്നേഹത്തിന് നന്ദിയുണ്ട്. എന്നാൽ, സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്.

ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രധാന്യം. അതിനാൽ തന്നെ സുരക്ഷ കണക്കിലെടുത്ത് പരിപാടി നടത്താൻ അനുയോജ്യമായ സ്ഥലത്ത് അനുമതി തേടിയാണ് പൊലീസിനെ സമീപിച്ചത്. പൊലീസ് അനുവദിച്ച സ്ഥലത്താണ് പ്രസംഗിച്ചതെന്നും എന്നാൽ, നടക്കാൻ പാടില്ലാത്തത് സംഭവിച്ചുപോയെന്നും വികാരാധീനനായി വിജയ് വീഡിയോ സന്ദേശത്തിൽ പറഞ്ഞു. സത്യം പുറത്തുവരുമെന്ന് പറഞ്ഞ വിജയ്, സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന സൂചനയും നൽകി. അപകടം ഉണ്ടായശേഷം കരൂരിൽ തുടരാതിരുന്നതിലും വിജയ് വിശദീകരണം നൽകി. ഉടൻ തന്നെ കരൂരിലെത്തി എല്ലാവരെയും കാണുമെന്നും രാഷ്ട്രീയം ശക്തമായി തുടരുമെന്നും വിജയ് വ്യക്തമാക്കി.

Exit mobile version