തെന്നിന്ത്യൻ സിനിമാലോകം ഏറെക്കാലമായി കാത്തിരുന്ന വിജയ് ദേവരകൊണ്ട – രശ്മിക മന്ദാന വിവാഹം ഇൻസ്റ്റാഗ്രാമിൽ പുതിയ ചരിത്രം കുറിച്ചു. ആരാധകർ ആഘോഷമാക്കിയ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ലൈക്കുകളുടെ റെക്കോർഡുകൾ തകർത്തിരിക്കുകയാണ്. ഒരു ഇന്ത്യൻ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ഏറ്റവും കൂടുതൽ ലൈക്കുകൾ നേടുന്ന പോസ്റ്റ് എന്ന നേട്ടമാണ് ഇവരുടെ വിവാഹ ചിത്രങ്ങൾ സ്വന്തമാക്കിയത്.
ക്രിക്കറ്റ് ഇതിഹാസം വിരാട് കോലിയുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് വിജയും രശ്മികയും ചേർന്ന് മറികടന്നത്. 2024ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം കോലി പങ്കുവെച്ച ചിത്രത്തിന് ലഭിച്ച 22.8 മില്യൺ ലൈക്കുകളെയാണ് ഈ തെന്നിന്ത്യൻ താരങ്ങൾ പിന്നിലാക്കിയത്. വെറും 48 മണിക്കൂറിനുള്ളിൽ 24 മില്യണിലധികം ലൈക്കുകളാണ് ചിത്രങ്ങൾക്ക് ലഭിച്ചത്. ഇതോടെ ഇന്ത്യയിൽ നിന്നുള്ള ഏറ്റവും കൂടുതൽ ലൈക്കുകൾ നേടിയ രണ്ടാമത്തെ ഇൻസ്റ്റാഗ്രാം പോസ്റ്റായും (കണ്ടന്റ് ക്രിയേറ്റർ കിഷോർ മൊണ്ടലിന്റെ റീലിന് പിന്നിൽ) ഇത് മാറി.

