Site iconSite icon Janayugom Online

കാറപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് വിജയ് ദേവരകൊണ്ട; കാറിനായി അന്വേഷണം

തെലങ്കാനയിലെ ജോഗുലാംബ ഗദ്വാൾ ജില്ലയിൽ എൻഎച്ച്-44 (ഹൈദരാബാദ്-ബെംഗളൂരു ഹൈവേ)ലുണ്ടായ വാഹനാപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് നടൻ വിജയ് ദേവരകൊണ്ട. തിങ്കളാഴ്ച രാവിലെയാണ് സംഭവം.

ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ നിന്ന് ഹൈദരാബാദിലേക്ക് യാത്ര ചെയ്യുകയായിരുന്ന നടന്റെ വാഹനത്തിൽ മറ്റൊരു കാർ പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. അപകടത്തിൽ അദ്ദേഹത്തിന്റെ ലെക്സസ് എൽഎം350എച്ച് എന്ന കാറിന് കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

ഇടിച്ച കാർ നിർത്താതെ ഹൈദരാബാദ് ഭാഗത്തേക്ക് പോയതായാണ് വിവരം. വിജയ് ദേവരകൊണ്ടയുടെ ഡ്രൈവർ പ്രാദേശിക പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന് ശേഷം വിജയ് ദേവരകൊണ്ട സുരക്ഷിതനായി ഹൈദരാബാദിൽ എത്തിച്ചേർന്നു.

ഒക്ടോബർ 3‑നായിരുന്നു വിജയ് ദേവരകൊണ്ടയുടെയും നടി രശ്മിക മന്ദാനയുടെയും വിവാഹനിശ്ചയം. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

വിവാഹനിശ്ചയത്തിന് ശേഷം വിജയ് കുടുംബത്തോടൊപ്പം പുട്ടപർത്തിയിലെ ശ്രീ സത്യസായി ബാബയുടെ പ്രശാന്തി നിലയം ആശ്രമം സന്ദർശിച്ചിരുന്നു. അവിടെനിന്ന് ഹൈദരാബാദിലേക്ക് മടങ്ങിവരുന്ന വഴിയിലാണ് അപകടമുണ്ടായത്

Exit mobile version