Site iconSite icon Janayugom Online

ഉടൻ കരൂരിലേക്കെന്ന് വിജയ്, പാർട്ടി പ്രവർത്തനങ്ങൾക്ക് 20 അം​ഗ സംഘം

ആൾക്കൂട്ട ദുരന്തത്തിന് പിന്നാലെ കരൂരിലേക്ക് പോകാൻ ടിവികെ അധ്യക്ഷൻ വിജയ്. കരൂരിലേക്ക് ഉടൻ പോകുമെന്ന് പാർട്ടി നേതാക്കളെ അറിയിച്ചതായാണ് വിവരം. കരൂരിൽ മുന്നൊരുക്കങ്ങൾ നടത്താൻ നേതാക്കൾക്ക് നിർദേശം നൽകി. പാർട്ടി പ്രവർത്തങ്ങൾക്ക് 20 അംഗ സംഘത്തെയാണ് വിജയ് നിയോ​ഗിച്ചിരിക്കുന്നത്. ബുസി ആനന്ദ് ഉൾപ്പടെ ഉള്ള നേതാക്കൾ ഒളിവിൽ ആയതിനാൽ ആണ് പുതിയ സംഘത്തെ സജ്ജമാക്കിയിരിക്കുന്നത്.

അതേ സമയം, കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളിയിരിക്കുകയാണ്. ദേശീയ മക്കൾ ശക്തി കക്ഷിയും ബിജെപി അഭിഭാഷകനും നൽകിയ ഹർജികളാണ് തള്ളിയത്. ഹർജിക്കാരന് ദുരന്തത്തിൽ നഷ്ടം സംഭവിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. തമിഴ്നാട് സർക്കാർ സിബിഐ അന്വേഷണത്തെ എതിർത്തു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ നേതാവ് ആധവ് അർജുന നൽകിയ ഹർജി പരിഗണിച്ചിട്ടില്ല. ആധവിന്‍റെ ഹർജി ഇന്ന് പരിഗണിക്കില്ല.

ടിവികെ അഭിഭാഷകർ എത്തിയത് മുൻ‌കൂർ ജാമ്യാപേക്ഷയ്ക്ക് വേണ്ടി മാത്രമാണ്. ധനസഹായം വർധിപ്പിക്കണം എന്നുള്ള ഹർജികളിൽ കോടതി സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണം. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും കോടതി പറഞ്ഞു. ടിവികെ നാമക്കൽ ജില്ലാ സെക്രട്ടറിയുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി. പൊതുമുതൽ നശിപ്പിച്ച കേസിൽ ആണ് നടപടി.

Exit mobile version