Site iconSite icon Janayugom Online

വിജയ് മല്യയുടെ പാപ്പര്‍ ഹര്‍ജി തള്ളി

ഇന്ത്യന്‍ വംശജനും പിടികിട്ടാപ്പുള്ളിയുമായ വിജയ് മല്യ ലണ്ടന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പാപ്പരത്ത ഹര്‍ജി തള്ളി. കിങ് ഫിഷര്‍ ഗ്രൂപ്പ് സ്ഥാപകനായ വിജയ് മല്യ 2012 ല്‍ ഇന്ത്യയില്‍ സാമ്പത്തിക ക്രമക്കേട് നടത്തി ലണ്ടനിലേക്ക് മുങ്ങിയിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അടക്കമുള്ള വായ്പാദാതാക്കള്‍ക്ക് 128 കോടി ഡോളര്‍ കടം തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട പാപ്പരത്ത ഹര്‍ജിയാണ് ലണ്ടന്‍ ഹൈക്കോടതി തള്ളിയത്. 

കിങ് ഫിഷര്‍ എയര്‍ലൈന്‍സ് തകര്‍ന്നതോടെ രാജ്യം വിട്ട മല്യ വായ്പാദാതാക്കളുമായി നിയമപോരാട്ടം നടത്തി വരുന്നതിനിടെയാണ് പാപ്പരത്ത ഹര്‍ജി ഫയല്‍ ചെയ്തത്. 2017ല്‍ കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ ബാധ്യതക്ക് ഗ്യാരന്റി നല്‍കിയ മല്യയ്ക്കെതിരെ ഇന്ത്യന്‍ ബാങ്കുകള്‍ 100 കോടി പൗണ്ടിലധികം വിലമതിക്കുന്ന തുക തിരിച്ചുപിടിക്കാനുള്ള വിധി സമ്പാദിച്ചിരുന്നു. തുടര്‍ന്ന് ലണ്ടനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പാപ്പരത്ത ഉത്തരവിറങ്ങിയത്.
ബാങ്കുകള്‍ സ്വത്ത് കണ്ടുകെട്ടി കടം തിരിച്ചുപിടിച്ചതായി മല്യയുടെ അഭിഭാഷകന്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടെ ജഡ്ജി ആന്റണി മാന്‍ പാപ്പരത്ത ഉത്തരവ് നിലനില്‍ക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. ഫോര്‍മുല വണ്‍ മോട്ടോര്‍ റേസിങ് ടീമായ ഫോഴ്സ് ഇന്ത്യയുടെ സഹ ഉടമ കൂടിയായ മല്യയെ കിങ് ഫിഷര്‍ തകര്‍ച്ചയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇന്ത്യക്ക് കൈമാറുന്നതില്‍ നിയമപോരാട്ടം നടത്തി വരുന്നതിനിടെയാണ് പാപ്പരത്ത ഹര്‍ജി ലണ്ടന്‍ ഹൈക്കോടതിയും തള്ളിയത്. 

Exit mobile version