Site icon Janayugom Online

മോഡിയല്ല നേതാവ്, തന്റെ പിതാവെന്ന് വിജയ് രൂപാണിയുടെ മകള്‍

ഗുജറാത്തിലെ അധികാരമാറ്റത്തിന്റെ അസ്വാരസ്യങ്ങള്‍ ബിജെപിയില്‍ തുടരുന്നു. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും വിജയ് രൂപാണി പുറത്തായതിന് പിന്നാലെ ബിജെപിക്കെതിരെ വിമര്‍ശനവുമായി മകള്‍ രാധിക രംഗത്തെത്തി. 

2002ല്‍ അക്ഷര്‍ധാം ക്ഷേത്രത്തിനുനേരെ ആക്രമണമുണ്ടായപ്പോഴും കച്ചില്‍ ഭൂചലനമുണ്ടായപ്പോഴും ആദ്യം എത്തിയത് നരേന്ദ്ര മോഡിയല്ല, തന്റെ പിതാവാണെന്ന് രാധിക രൂപാണി ഫേസ്ബുക്ക് പോസ്റ്റില്‍ തുറന്നടിച്ചു. ടൗട്ടേ ചുഴലിക്കാറ്റിന്റെ സമയത്തും കോവിഡ് മഹാമാരി പടര്‍ന്നപ്പോഴും അദ്ദേഹം രാത്രി 2.30 വരെ ഉറക്കമിളച്ച് ജോലിചെയ്തതായും രാധിക കുറിച്ചു. അദ്ദേഹത്തിന്റെ സൗമ്യസ്വഭാവമാണ് അധികാരം നഷ്ടമാക്കിയതെന്ന വിലയിരുത്തകളെയും രാധിക രൂപാണി തള്ളി. ഗൗരവം കാണിക്കുകയെന്നതാണോ നേതാവിന്റെ ലക്ഷണമെന്നും രാധിക ഫേസ്ബുക്ക് പോസ്റ്റില്‍ ആരാഞ്ഞു. 

ഭുപേന്ദ്ര പട്ടേലിനെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിനു പിന്നാലെ നിലവിലെ ഉപമുഖ്യമന്ത്രിയായിരുന്ന നിതിന്‍ പട്ടേല്‍ തന്റെ അതൃപ്തി പ്രകടമാക്കിയിരുന്നു. ജനങ്ങളുടെ ഹൃദയത്തിലാണ് താന്‍ ജീവിക്കുന്നതെന്നും ആര്‍ക്കും തന്നെ എടുത്ത് പുറത്തെറിയാന്‍ കഴിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുഖ്യമന്ത്രി പദവി ലഭിച്ചേക്കാന്‍ ഇത്തവണ വീണ്ടും സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന നേതാവാണ് നിതിന്‍ പട്ടേല്‍. എന്നാല്‍ രണ്ടാമതും അവസരം ലഭിക്കാതെ പോയി. പാര്‍ട്ടി ആസ്ഥാനത്ത് നടന്ന യോഗത്തില്‍ ഭുപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിന് പിന്നാലെ നിതിന്‍ പട്ടേല്‍ ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.
പുതിയ മന്ത്രിസഭയിലും നിതിന്‍ പട്ടേലിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചേക്കും. ഭൂപേന്ദ്ര സിങ് ചുഡസാമ, ആര്‍ സി ഫാല്‍ദൂ, കൗശിക് പട്ടേല്‍ എന്നീ മുതിര്‍ന്ന മന്ത്രിമാര്‍ക്കും സ്ഥാനം തിരികെ ലഭിച്ചേക്കും. 

Eng­lish Sum­ma­ry : vijay rupani is the leader not modi says rupa­nis daughter

You may also like this video :

Exit mobile version