കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച സംസ്ഥാന പര്യടനം പുനരാരംഭിക്കാൻ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ഒരുങ്ങുന്നു. ഡിസംബർ ആദ്യവാരം സേലത്തുവെച്ച് ടി വി കെയുടെ ആദ്യ പൊതുയോഗം നടത്താനുള്ള നീക്കങ്ങൾ പാർട്ടി ആരംഭിച്ചു.
പൊതുയോഗം നടത്താനായി ടി വി കെ സേലം പൊലീസിന് ഔദ്യോഗികമായി അപേക്ഷ നൽകിയിട്ടുണ്ട്. നിലവിലെ ആലോചന പ്രകാരം, ഡിസംബർ 4ന് സേലത്തുവെച്ചായിരിക്കും ആദ്യ പൊതുയോഗം നടക്കുക. സംസ്ഥാനത്തുടനീളം വീണ്ടും ശക്തി തെളിയിക്കുക എന്ന ലക്ഷ്യത്തോടെ ആഴ്ചയിൽ നാല് യോഗങ്ങൾ വീതം നടത്താനാണ് പാർട്ടിയുടെ പദ്ധതി. നിലവിൽ ബുധനാഴ്ചയും ശനിയാഴ്ചയും യോഗങ്ങൾ നടത്താനാണ് ആലോചിക്കുന്നത്. ഓരോ ജില്ലയിലും രണ്ട് യോഗങ്ങൾ വീതം നടത്തുമെന്നാണ് റിപ്പോർട്ട്. തിക്കിലും തിരക്കിലും 41 പേർ മരിച്ച കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വിജയ് താൽക്കാലികമായി പര്യടനം നിർത്തിവെച്ചത്.
കരൂർ ദുരന്തത്തിന് ശേഷം വിജയ് വീണ്ടും സംസ്ഥാന പര്യടനത്തിന്; അനുമതി തേടി ടിവികെ

