Site iconSite icon Janayugom Online

വിജയ്‌യുടെ പ്രചാരണവാഹനം ഇരുചക്രവാഹനത്തിലിടിച്ചുണ്ടായ അപകടം; കേസെടുത്ത് പൊലീസ്

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പ്രചാരണവാഹനം ബൈക്കില്‍ തട്ടിയുണ്ടായ അപകടത്തില്‍ കേസെടുത്ത് പൊലീസ്. അലക്ഷ്യമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് ഡ്രൈവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇരുചക്രവാഹനത്തില്‍ തട്ടിയിട്ടും നിര്‍ത്താതെ പോയ വിജയ്‌യുടെ കാരവാന്‍ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മനുഷ്യ ജീവന് യാതൊരു വിലയും കല്‍പ്പിച്ചില്ല എന്നുള്‍പ്പടെ വിജയ്‌യെ രൂക്ഷമായ വിമര്‍ശിക്കുന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പും പുറത്തുവന്നിരുന്നു. കരൂര്‍ ദുരന്തത്തെത്തുടര്‍ന്ന് നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു ഉത്തരവ്. സിബിഐ അന്വേഷണത്തെ എതിര്‍ത്ത കോടതി സര്‍ക്കാരിനെയും വിമര്‍ശിച്ചു.

കരൂരില്‍ ദുരന്തം ഉണ്ടായ കഴിഞ്ഞ ശനിയാഴ്ച നാമക്കലില്‍ നിന്നും കരൂരിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അപകടമുണ്ടായിട്ടും വിജയ്‌യുടെ വാഹനം നിര്‍ത്താതെ പോയതില്‍ പൊലീസ് കേസെടുക്കാത്തത് മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അപകടം അന്വേഷിക്കാന്‍ കോടതി നിയോഗിച്ച പ്രത്യേക സംഘത്തില്‍ രണ്ട് വനിതാ ഐപിഎസ് ഉദ്യോഗസ്ഥര്‍ ആണുള്ളത്. മറ്റ് അംഗങ്ങളെ സംഘത്തലവനായ അസ്ര ഗാര്‍ഗ് ഐപിഎസിന് തീരുമാനിക്കാം.

Exit mobile version