Site icon Janayugom Online

വികസിത് ഭാരത് സങ്കല്‍പ്: മോഡിയുടെ സന്ദേശം വിലക്കി

EC

പ്രധാനമന്ത്രിയുടെ കത്ത് ഉള്‍പ്പെടുന്ന സന്ദേശം വാട്സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് അയയ്ക്കുന്നത് നിര്‍ത്തണമെന്ന് കേന്ദ്രത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം ഈ രീതിയില്‍ സന്ദേശമയച്ചത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി ലഭിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന്റെ തലേദിവസമായ മാര്‍ച്ച് 15നാണ് വാട്സ്ആപ്പ് സന്ദേശങ്ങള്‍ അയച്ചതെന്നും സാങ്കേതിക പ്രശ്നമാണ് സന്ദേശം വൈകി ലഭിക്കാന്‍ കാരണമായതെന്നും കമ്മിഷന് നല്‍കിയ കത്തില്‍ കേന്ദ്രം വിശദീകരിച്ചു. വികസിത് ഭാരത് സങ്കല്‍പ് എന്ന വെരിഫൈഡ് അക്കൗണ്ടില്‍ നിന്നാണ് മോഡിയുടെ കത്ത് ഉള്‍പ്പെടുത്തിയ സന്ദേശം ഉപഭോക്താക്കളുടെ അക്കൗണ്ടിലെത്തിയത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ഫീഡ്ബാക്ക് രേഖപ്പെടുത്താനും ഇതില്‍ സൗകര്യമൊരുക്കിയിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ മോഡിയുടെ സന്ദേശം വാട്സ്ആപ്പിലൂടെ പ്രചരിച്ചതിനെതിരെ നിരവധി പരാതികള്‍ ലഭിച്ചതിനാല്‍ ഗത്യന്തരമില്ലാതെ സന്ദേശം വിലക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. നിലവില്‍ സന്ദേശം പ്രചരിപ്പിക്കുന്നത് വിലക്കിയെങ്കിലും ചട്ടലംഘനം നടത്തി സന്ദേശമയച്ചവര്‍ക്കെതിരെ കമ്മിഷന്‍ ഒരു നടപടിയും എടുത്തിട്ടില്ല.

Eng­lish Sum­ma­ry: Vik­a­sit Bharat Sankalp: Mod­i’s mes­sage banned

You may also like this video

Exit mobile version