Site iconSite icon Janayugom Online

സംസ്ഥാനത്ത് വില്ലേജ്തല ജനകീയ സമിതികൾ രൂപീകരിക്കും

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ കൂടുതൽ ജനകീയമാക്കാനുള്ള നടപടികളുമായി റവന്യൂവകുപ്പ്. ജില്ലാ വികസനസമിതി, താലൂക്ക് വികസന സമിതി മാതൃകയിൽ വില്ലേജ്തല ജനകീയ സമിതി ഏർപ്പെടുത്തുമെന്ന് റവന്യൂ വകുപ്പു മന്ത്രി കെ രാജൻ അറിയിച്ചു. കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന റവന്യൂ ഓഫീസർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അടുത്ത മാർച്ചിൽ വില്ലേജ്തല ജനകീയ സമിതികൾ ഔപചാരികമായി നിലവിൽ വരും.

പൊതു സമൂഹത്തെയും സർക്കാരിനെയും സംബന്ധിച്ചിടത്തോളം ആദ്യത്തെ ഇടപെടൽ നടക്കുന്ന സ്ഥലമാണ് വില്ലേജ് ഓഫീസ്. വില്ലേജ് സഭ നിലവിൽ വരുന്നതോടെ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള പരാതികൾ അതിവേഗത്തിൽ പരിഗണിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ കോഴിക്കോടിനെ സമ്പൂർണ്ണ ഇ‑ഓഫീസ് ജില്ലയായി മന്ത്രി പ്രഖ്യാപിച്ചു.

‘എല്ലാര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് ’ എന്ന ആശയമാണ് സമ്പൂർണ ഇ- ഓഫീസ് വൽകരണത്തിനു പുറകിലുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്തെ രണ്ടാമത്തെ സമ്പൂർണ ഇ- ഓഫീസ് ജില്ലയായി കോഴിക്കോട് മാറി. വയനാടാണ് ആദ്യ പ്രഖ്യാപനം നടന്നത്.\

സമിതികളിൽ എട്ട് അംഗങ്ങള്‍

വില്ലേജ്തല ജനകീയ സമിതികളിൽ എട്ട് അംഗങ്ങളാണ് ഉണ്ടാവുക. വില്ലേജ് ഓഫീസറാണ് സമിതിയുടെ കൺവീനറായി പ്രവർത്തിക്കുക. വില്ലേജ് പരിധിയിൽ വരുന്ന നിയമസഭാംഗം അല്ലെങ്കിൽ അവരുടെ പ്രതിനിധി, വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് / മുൻസിപ്പൽ ചെയർമാൻ കോർപറേഷൻ മേയർ, വില്ലേജ് ഓഫീസ് ഉൾപ്പെട്ടു വരുന്ന പ്രദേശത്തെ ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്ത് മെമ്പർ, വില്ലേജിന്റെ ചാർജ്ജ് ഓഫീസറായ ഡെപ്യൂട്ടി തഹസിൽദാർ, നിയമസഭയിൽ അംഗത്വമുള്ള രാഷ്ട്രീയ പാർട്ടികളുടെ ഒരു പ്രതിനിധി, സർക്കാർ നാമനിർദേശം ചെയ്യുന്ന ഒരു വനിതാ അംഗം, സർക്കാർ നാമനിർദേശം ചെയ്യുന്ന ഒരു പട്ടികജാതി / പട്ടിക വർഗ പ്രതിനിധി എന്നിവരായിരിക്കും സമിതിയിലെ അംഗങ്ങൾ. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച സമിതികളുടെ യോഗം ചേരും.

eng­lish sum­ma­ry; Vil­lage lev­el peo­ple’s com­mit­tees will be formed in the state

you may also like this video;

Exit mobile version